മിനി സ്ക്രീനിലെ കിലുക്കാംപെട്ടി
അഭിനയ മികവുകൊണ്ടും സ്മാർട്നെസ്സ് കൊണ്ടും മലയാളീ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കൊച്ചു മിടുക്കിയാണ് ശിവാനി മേനോൻ.ഈ പതിനാലുകാരിയുടെ കോൺഫിഡൻസും സ്മാർട്നെസ്സും എന്നും പ്രേക്ഷകരെ അത്ഭുതപെടുത്തിയിട്ടുണ്ട് .പ്രായഭേദമന്യേ നിരവധി ആരാധകരാണ് ഈ കുട്ടി താരത്തിനുള്ളത് .മിനി സ്ക്രീനിലെ ഉപ്പും മുളകും പാരമ്പരയിലൂടെയാണ് ശിവാനി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് .ഈ പരമ്പരയും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത് .സ്വാഭാവികമായ അഭിനയം ശിവാനിയെ പ്രിയങ്കരിയാക്കി .പരമ്പരയിലെ കഥാപാത്രങ്ങളായ ബാലുവിന്റെയും നീലുവിന്റെയും മകളായാണ് ശിവാനി അഭിനയിക്കുന്നത് .ശിവാനിയുടെ കുറച്ചു വിശേഷങ്ങളിലേക്ക് .

ഉപ്പും മുളകും സ്വന്തം വീട് പോലെ
ആദ്യമായി മിനി സ്‌ക്രീനിൽ മുഖം കാണിക്കുന്നത്, അഞ്ചു വർഷം മുന്നേ ഫ്ളവർസ് ചാനലിലെ കുട്ടികലവറ എന്ന പ്രോഗ്രാമിലൂടെയാണ് .കുട്ടികളുടെ പാചകമത്സരമായിരുന്നു കുട്ടികലവറ .ഈ പ്രോഗ്രാം ആയിരുന്നു എന്റെ ജീവിതത്തിലെ നാഴികക്കല്ല് എന്ന് തന്നെ വേണമെങ്കിൽ പറയാം .അതിൽ പങ്കെടുത്തതിന് ശേഷം പെട്ടന്നായിരുന്നു ഈ പാരമ്പരയിലേക്കു എനിക്ക് ക്ഷണം ലഭിക്കുന്നത് .എന്റെ സഹോദരനായി അഭിനയിക്കുന്ന കേശുവും കുട്ടിക്കലവറയിലുണ്ടായിരുന്നു .ഇപ്പോൾ അഞ്ചു വർഷമായി ഉപ്പും മുളകും ചെയ്തു വരുന്നു . ലോക്ക് ഡൗൺ കാരണം ഷൂട്ട് ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ് .അത്‌കൊണ്ട് തന്നെ ഞങ്ങടെ കുഞ്ഞനുജത്തിയായി അഭിനയിക്കുന്ന പാറുകുട്ടിയെ എനിക്ക് വല്ലാതെ മിസ് ചെയ്യാറുണ്ട്
വാഴക്കാലയാണ് ഉപ്പും മുളകും ഷൂട്ട് ചെയ്യുന്നത് .ആ വീട്ടിൽ നിരവധി സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട് .പുലിമുരുകനിൽ മംഗലാപുരത്തെ വീടായി കാണിച്ചിട്ടുള്ളത് .ചാർലി സിനിമയിലെ കള്ളൻ കയറുന്ന വീട് ,പോക്കിരിരാജ ,രാമലീല തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലെ സ്ഥിര സാന്നിധ്യമാണ് ഈ വീട്.

ഡോക്ടർ ആണ് സ്വപ്നം
വലുതാകുമ്പോൾ ഒരു പീഡിയാട്രീഷ്യൻ ആകണം എന്നായിരുന്നു സ്വപ്നം .പക്ഷെ ഇപ്പോൾ ഓരോ സ്ട്രീമിനെയും അറിഞ്ഞു വരുമ്പോൾ ഏത് തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിലാണ് ഞാനിപ്പോൾ .എങ്കിലും ഡോക്ടർ ആകുക എന്ന ഒരു സ്വപ്നം ഉള്ളിൽ കിടപ്പുണ്ട് .അഞ്ചു വർഷമായി മിനിസ്‌ക്രീനിൽ സജീവമാണ് അതുകൊണ്ട് തന്നെ ഒരുപാട് ക്ലാസുകൾ എനിക്ക് മിസ് ആയിട്ടുണ്ട് . ഇപ്പോൾ ഒൻപതാം ക്‌ളാസ് ആയതുകൊണ്ട് തന്നെ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി അതുകൊണ്ട് എല്ലാത്തിനും ചെറിയ ഒരു ഇടവേള കൊടുത്തിരിക്കുകയാണ് .കൊമേർഷ്യൽ സിനിമകൾ ഒന്നും ചെയ്തിട്ടില്ല പക്ഷെ അവാർഡ് സിനിമകൾ ആയ ഇരുട്ട് ,മറവി എന്ന രണ്ട് സിനിമകൾ ചെയ്യാൻ സാധിച്ചു .ഇപ്പോൾ ഒരു സിനിമകളും കമ്മിറ്റഡ് ആയിട്ടില്ല അതുകൊണ്ട് പഠിത്തത്തിനു തന്നെയാണ് മുൻഗണന കൊടുത്തിട്ടുള്ളത് .ബേസിക്സ് ഒക്കെ ഒന്ന് പൊടി തട്ടി എടുക്കണം ,അടുത്ത കൊല്ലം പത്താം ക്ലാസ്സാണ് .നല്ല മാർക്ക് സ്കോർ ചെയ്യാൻ അതത്യാവശ്യമാണ് .കഴിഞ്ഞ അഞ്ചു കൊല്ലമായി ഞാൻ സ്കൂളിലെ മാവേലിയായിരുന്നു (ശിവാനി ചിരിക്കുന്നു ).

അമ്മ എന്റെ ബെസ്ററ് പാർട്നെർ
വീട്ടിൽ നിന്നും കിട്ടുന്ന പിന്തുണയാണ് എന്നെ ഇവിടം വരെ എത്തിച്ചത് അത് അച്ഛന്റെ ഫാമിലി ആയാലും അമ്മയുടെ ഫാമിലി ആയാലും വളരെ നല്ല സപ്പോർട്ട് ആണ് തരുന്നത്.എന്റെ ലൈഫ് എന്ന് പറയുന്നത് എന്റെ ഫാമിലി തന്നെയാണ് .അച്ഛൻ ആനന്ദ് കൊച്ചിൻ ഷിപ്യാർഡിൽ ജോലി ചെയ്യുന്നു .’അമ്മ മീന എത്യോപ്പ്യൻ അയർവെയ്സിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കിയിരുന്നു .ഞാൻ മിനിസ്‌ക്രീനിൽ സജീവമായ ശേഷം എന്റെ കൂടെ ഷൂട്ടിങ്ങിനു വരാനും പഠിപ്പിക്കാനുമായി അമ്മ ജോലി രാജി വച്ചു ..എല്ലാത്തിനും കട്ട സപ്പോർട്ടായി അമ്മ തന്നെയാണ് നിൽക്കാറുള്ളത്, അച്ഛൻ അല്ലാ എന്നല്ലകേട്ടോ .ആരെന്തു ചോദിച്ചാലും സ്റ്റേൺ ആയി നിന്ന് ഉത്തരം പറയുന്നത് അമ്മയിൽ നിന്നാണ് കണ്ടു പഠിച്ചത് . .എന്റെ ഡ്രെസ്സിന്റെ കാര്യത്തിലായാലും ഭക്ഷണത്തിന്റെ കാര്യത്തിലായാലും എല്ലാം അമ്മയുടെ തീരുമാനമാണ് .ചുരുക്കി പറഞ്ഞാൽ ‘അമ്മ തന്നെ എന്റെ ബെസ്ററ് പാർട്നെർ .

വീട്ടിലെ ഭക്ഷണം-എന്റെ ഫേവറൈറ്റ്
പിസയും ബർഗറും ഒക്കെ കഴിക്കുമെങ്കിലും എനിക്ക് കൂടുതൽ ഇഷ്ടം വീട്ടിലെ ഭക്ഷണത്തോട് തന്നെയാണ് .അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിനു ഏറെ രുചിയാണ് .പക്ഷെ പൂർണമായി ജങ്ക് ഫുഡ്സ് ഒഴിവാക്കാനായി സാധിക്കില്ലല്ലോ .ചിലപ്പോൾ ഷൂട്ടിങ് ഉള്ളപ്പോഴും അല്ലെങ്കിൽ യാത്രയിലും മറ്റും ആകുമ്പോഴും വീട്ടിലെ ഭക്ഷണം കഴിക്കണമെന്നു വാശിപിടിച്ചിട് കാര്യമില്ലല്ലോ അപ്പൊ ജങ്ക് ഫുഡ്സ് തന്നെ ശരണം .ഇനി ഷൂട്ടിന്ദ് വീടിനടുത്തു ആണെങ്കിൽ ‘അമ്മ കുക്ക് ചെയ്ത ഭക്ഷണം കഴിക്കുക തന്നെയാണ് പതിവ്.
ഇപ്പോൾ കൊറോണ കാരണം മുഴുവൻ സമയവും വീട്ടിൽ തന്നെയാണ് .ചില പാചക പരീക്ഷണങ്ങൾ ഞാനും നടത്താറുണ്ട് .അതിൽ ചിലത് സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട് .പിന്നെ വെറുതെയിരിക്കുന്ന സമയങ്ങളിൽ വായനതന്നെയാണ് എന്റെ ഏറ്റവും വലിയ സുഹൃത് .ഒരുപാട് വായിക്കാനും എഴുതാനും ഇഷ്ടമാണ്.കൂടുതലും കവിതകളാണ് ഇഷ്ടം .യുവജനോത്സവത്തിന് കവിതാ പാരായണത്തിന് സംസ്ഥാനതലം വരെ എത്താനായിട്ടുണ്ട് .അഞ്ചു തവണ ജില്ലാതലത്തിലും എത്തിയിട്ടുണ്ട് .

ആരോഗ്യത്തിനും സൗന്ദര്യത്തിനും യോഗ
കൂടുതൽ സൗന്ദര്യ സംരക്ഷണം ഒന്നും ചെയ്യുന്ന ആളല്ല ഞാൻ .ഏറെയും മുടിയാണ് ശ്രദ്ധിക്കാറുള്ളത് .അതും ഹോട് ഓയിൽ മസ്സാജ് മാത്രമാണ് ചെയ്യാറുള്ളത് .പിന്നെ ഒരുപാട് വെള്ളം കുടിക്കും. സ്കിന്നിന് തിളക്കം കിട്ടാൻ കൂടുതൽ വെള്ളം കുടിക്കുന്നത് നല്ലതാണ് .കൂടാതെ സ്ഥിരമായി യോഗ ചെയ്യാറുണ്ട് .ശ്രീ ശ്രീ രവി ശങ്കറിന്റെ കീഴിലാണ് യോഗ അഭ്യസിക്കുന്നത് .ഇപ്പോൾ മൂന്നു വർഷമായി യോഗ തുടരുന്നു . യോഗയോടൊപ്പം തന്നെ എക്സർസൈസും ചെയ്യാറുണ്ട്. പ്രാർത്ഥന യോഗയും മേഘ യോഗയും ആണ് ചെയ്തിരുന്നത് ഇപ്പോൾ മേഘയോഗ മാത്രം ഓൺലൈൻ ആയി ചെയ്തു വരുന്നു കൂടാതെ ഡാൻസും പഠിക്കുന്നുണ്ട് .ഇതൊക്കെയാണ് എന്റെ ഹെൽത്ത് സീക്രെട്സ്

ഒരു ബ്രോ – സിസ് കോംബോ
ശിവാനി ഒഫീഷ്യൽ എന്ന യുട്യൂബ് ചാനലിന്റെ ഉടമകൂടെയാണ് നമ്മുടെ കുട്ടി താരം .ഇപ്പോൾ 3 .9 ലക്ഷം സബ്‌സ്‌ക്രായബേർസ് ആണ് ഈ ചാനലിനുള്ളത് .ഉപ്പും മുളകും പരമ്പരയിലെ മുടിയൻ ചേട്ടനായി അഭിനയിക്കുന്ന ഋഷിയുടെയും ശിവാനിയുടെയും ഡാൻസ് കൊറിയോഗ്രാഫി ആണ് കൂടുതലായും യുട്യൂബ് ചാനലിലുള്ളത് .കൂടാതെ പ്രങ്കുകളും ,ട്രാവൽ വ്ലോഗ്സും ചാനലിന്റെ മോഡി ഒരൽപം കൂട്ടുന്നു .ശിവാനിയുടെ യുട്യൂബ് ചാനെലും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു .ഇത്രയും നന്നായി ഒരു ബ്രദർ സിസ്റ്റർ കോംബോ എല്ലാരും സ്വീകരിക്കുമെന്ന് കരുതിയില്ല എന്നും . അതിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണ് എന്നും പ്രേക്ഷകരുടെ സ്വന്തം കിലുക്കാംപെട്ടി .