ഡിനു പറയുന്നു, ‘നിങ്ങളിലെ ഡിസൈനറെ കണ്ടെത്തുക’
എയര്‍ ഇന്ത്യയിലെ ക്യാബിന്‍ ക്രൂ… ആ ജോലിയ്ക്കിടയില്‍ ചെറു സംരംഭത്തിന് തുടക്കമിട്ടു. എന്നാല്‍ പെട്ടെന്നൊരു ദിവസം ബിസിനസ് ലോകത്തിലേക്ക് കടന്നുവന്നതല്ല ഈ വനിത. കുട്ടിക്കാലം മുതല്‍ മനസില്‍ സൂക്ഷിച്ച സ്വപ്‌നം സാക്ഷാത്ക്കരിക്കുകയായിരുന്നു. തീരുമാനം തെറ്റിയില്ലെന്ന തിരിച്ചറിവില്‍ മറ്റൊരു തീരുമാനമെടുത്തു. അങ്ങനെ എയര്‍ ഇന്ത്യയിലെ ജോലി ഉപേക്ഷിച്ചു. ഒടുവില്‍ ഐശ്വര്യ ലക്ഷ്മിക്കും വിനയ് ഫോര്‍ട്ടിനും ഉണ്ണി മുകുന്ദനുമൊക്കെ കിടിലന്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കുന്ന അഹം ബൊട്ടീക്കിന്റെ ഉടമയിലേക്കെത്തി. ഡിനു എലിസബത്ത് റോയ് എന്ന സംരംഭകയാണിത്. ജീവിതം, ബിസിനസ് ഡിനു സംസാരിക്കുന്നു.
ബൊട്ടീക്കിലേക്കുള്ള യാത്ര
എയര്‍ ഇന്ത്യയിലെ ജോലിയ്ക്കിടെയാണ് ഡിസൈനര്‍ ബൊട്ടീക്ക് എന്നൊരു ചിന്ത മനസിലേക്ക് വരുന്നത്. പക്ഷേ ഒരു സംരംഭകയാകുക എന്നതായിരുന്നു കുട്ടിക്കാലം തൊട്ടേയുള്ള സ്വപ്നം. യാത്രകളും ഭക്ഷണവും മാത്രമല്ല വസ്ത്രങ്ങളോടും വല്ലാത്ത ഇഷ്ടമുണ്ടായിരുന്നു. 2007-ലാണ് എയര്‍ഇന്ത്യയുടെ ക്യാബിന്‍ ക്രൂവില്‍ ജോലി സ്വന്തമാക്കുന്നത്. ജോലിയുടെ ഭാഗമായി കുറേ യാത്രകള്‍്ക്ക് അവസരം ലഭിച്ചു. പല നാടുകളിലൂടെയുള്ള യാത്രയ്ക്കിടയില്‍ അന്നാട്ടിലെ തുണിത്തരങ്ങളെ അടുത്തറിയാന്‍ സാധിച്ചു. മൂന്നു വര്‍ഷത്തിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെയാണ് ഡിസൈര്‍ ബൊട്ടീക് എന്ന സ്വപ്‌നം സഫലമാക്കുന്നതിന് തുടക്കം കുറിച്ചത്. ഫെയ്‌സ്ബുക്കിലൂടെ നിരവധിപ്പേരാണ് തുണിത്തരങ്ങള്‍ക്കായി സമീപിച്ചത്.
ഫെയ്‌സ്ബുക്കിലൂടെയുള്ള വില്‍പ്പനയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നത്. സ്വപ്‌നസാക്ഷാത്ക്കാരത്തിലേക്കുള്ള ആദ്യ ചുവട് ഇതായിരുന്നു. ബൊട്ടീക്കിന് വ്യത്യസ്തമായ ഒരു പേര് കണ്ടെത്തുന്നതിനായിരുന്നു ആദ്യ ശ്രമം. ഞാന്‍ എന്ന് അര്‍ത്ഥമുള്ള അഹം എന്ന വാക്കാണ് ഇതിനായി കണ്ടെത്തിയത്. ബൊട്ടിക്കിന്റേതാകുമ്പോള്‍ നിങ്ങളില്‍ ഡിസൈനറെ കണ്ടെത്തുക അഥവാ ഫൈന്‍ഡ് ദി ഡിസൈനര്‍ ഇന്‍ യൂ എന്നാകുന്നു. ഒരു വ്യക്തിയുടെ ഡ്രസിങ്ങ് അയാളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു എന്നല്ലേ. അത് ഡിസൈനിങ്ങിലൂടെ തെളിയിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ആശയം. ഭര്‍ത്താവിന്റെയും കുടുംബക്കാരുടെയും പിന്തുണ കൂടി കിട്ടിയതോടെ ആത്മവിശ്വാസം വര്‍ധിച്ചുവെന്നും ഡിനു പറയുന്നു.

പ്രതിസന്ധികള്‍
ഏതൊരു സംരംഭം തുടങ്ങുമ്പോഴും ഏറ്റവും വലിയ പ്രതിസന്ധി സാമ്പത്തികം തന്നെയാണല്ലോയെന്ന് ഡിനു. പലരും ഒരു സംരംഭം തുടങ്ങാനായി ലോണ്‍ എടുക്കുകയോ വീട്ടുകാരുടെ സഹായം സ്വീകരിക്കുകയോ ചെയ്യും. ആഢംബരമായി പലരും ബിസിനസ് ആരംഭിക്കും. എന്നാല്‍ പിന്നീട് ലാഭം കിട്ടാതിരിക്കുകയും വലിയ കടക്കെണികളില്‍ പെടുകയും ചെയ്യും. ഇതിനോട് എനിക്ക് യോജിക്കാനാകില്ല. ഏതൊരു സംരംഭവും ചെറിയതോതില്‍ ആരംഭിക്കുന്നതാണ് നല്ലത്. അഹം ബൊട്ടീക്കിനുള്ള മൂലധനം എയര്‍ഇന്ത്യയിലെ ജോലിയില്‍ നിന്നു സ്വരുക്കൂട്ടിയ എന്റെ സമ്പാദ്യമാണ്. ബൊട്ടീക്ക് ആരംഭിക്കുന്നുവെന്നു കരുതി ജോലി ഉപേക്ഷച്ചില്ല. അഹം ബൊട്ടീക്ക് നന്നായി കൊണ്ടുപോകാനാകുമെന്നു തിരിച്ചറിഞ്ഞതിനു ശേഷമാണ് ജോലി രാജിവച്ചത്. പിന്നീട് ഡിസൈനിങ്ങ് രംഗത്ത് സജീവമായി. ഡിസൈനിങ് പഠിച്ചിട്ടില്ല എങ്കിലും ഏത് തുണിത്തരങ്ങളായാലും അത് പിടിച്ചു നോക്കി അതിനെ കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. തിരുവനന്തപുരത്തെ ശാസ്താംകോട്ടയില്‍ ബൊട്ടിക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കാഞ്ചിപുരം മുതല്‍ കോട്ടണ്‍ സാരി വരെ
ശാസ്താംകോട്ടയില്‍ തന്നെ റീറ്റെയ്ല്‍ സ്റ്റോറും ഡിസൈനിങ് / പ്രൊഡക്ഷന്‍ യൂണിറ്റിസും പ്രവര്‍ത്തിക്കുന്നുണ്ട്. കോല്‍ക്കത്ത, ബംഗാള്‍, കാശ്മീര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഫാബ്രിക്സ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. ചലച്ചിത്ര അഭിനേതാക്കളായ ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, ഐശ്വര്യലക്ഷ്മി പോലുള്ള സെലിബ്രിറ്റികള്‍ക്കായുള്ള വസ്ത്രങ്ങളും അഹം ബൊട്ടിക് ഡിസൈന്‍ ചെയ്തു കൊടുത്തിട്ടുണ്ട്. കൂടാതെ മിസ് കേരള പോലുള്ള നിരവധി ഫാഷന്‍ ഇവന്റസിനായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ബ്രൈഡല്‍ കാഞ്ചിപുരം സാരീസ്, നോര്‍മല്‍ കാഞ്ചിപുരം സാരീസ്, കോട്ടണ്‍ സാരീസ്, ജോര്‍ജെറ്റ്, ക്രേപ്പ്, ചന്ദേരി, ടിഷ്യു തുടങ്ങിയ സാരീ കലക്ഷന്‍സ് ഇവിടെ ലഭ്യമാണ്. കൂടാതെ കുര്‍ത്ത, ചുരിദാര്‍ മെറ്റീരിയല്‍സ്, ഡിസൈന്‍ഡ് ചുരിദാര്‍, കിഡ്‌സ് വെയര്‍, ജന്റ്‌സ് വെയര്‍ എന്നിവയും അഹത്തിലുണ്ട്.
ഇഷ്ടം ടസ്സര്‍ സില്‍ക്‌സ്
ഒരുപാട് തരം പട്ടു വസ്ത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. റോസ് സില്‍ക്ക് ക്രേപ്പ്, കാഞ്ചിപുരം സോഫ്റ്റ് സില്‍ക്ക് അങ്ങനെ ഒരുപാട് ഉണ്ടെങ്കിലും എനിക്ക് കൂടുതല്‍ ഇഷ്ടം ടസ്സര്‍ സില്‍ക്സിനോടാണെന്നു പറയുന്നു ഡിനു. എല്ലാ തരം ചടങ്ങുകള്‍ക്കും ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ സ്റ്റോറില്‍ ലഭ്യമാണ്. കാഷ്വല്‍ ആയാലും ഫോര്‍മല്‍ ആയാലും ഡിസൈന്‍ ചെയ്തു കൊടുക്കാറുണ്ട്. ഇപ്പോള്‍ കൂടുതലായും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഡിസൈന്‍ ആണ് ചെയ്തു കൊടുക്കുന്നത്.
ഉപഭോക്താക്കളുടെ ഇഷ്ടങ്ങളും അഭിപ്രായങ്ങളുമൊക്കെ മനസിലാക്കിയാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. ചൂടുകാലത്താണെങ്കില്‍ കൂടുതലായും കോട്ടണ്‍ വസ്ത്രങ്ങളാണ് കൂടുതലായും പ്രോത്സാഹിപ്പിക്കാറുള്ളത്. ഇപ്പോള്‍ ഹിന്ദു വിവാഹത്തിലായാലും ക്രിസ്ത്യന്‍ വിവാഹത്തിലായാലും കേരള സാരി ഉപയോഗിക്കാറുണ്ടല്ലോ, വ്യത്യസ്ത ഡിസൈനിങ് ഉള്ള കേരള സാരി ട്രെന്‍ഡ് ആയി മാറി കഴിഞ്ഞു. കൂടാതെ സില്‍ക്ക് ഫാബ്രിക്സ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും കൂടുതല്‍ ആണ്.
ബൊട്ടിക് സ്വപ്‌നം കാണുന്നവരോട്
ഒരു ബൊട്ടിക് ആണ് നിങ്ങളുടെ സ്വപ്നം എങ്കില്‍ എപ്പോഴും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഉണ്ട്. ബൊട്ടിക് അല്ലെങ്കില്‍ ഏതൊരു സംരംഭവും ആരംഭിക്കുന്നതിന് മുന്‍പ് അതിന്റെ നല്ല വശങ്ങളും മോശം കാര്യങ്ങളും തിരിച്ചറിയണം. ഒരു വ്യക്തിയില്‍ നിന്നും നമ്മളെങ്ങനെ വേറിട്ട് നില്‍ക്കുന്നുവെന്ന ഒരു ധാരണ ഉണ്ടായിരിക്കണം. ചെറു സംരംഭമായി ആരംഭിക്കുന്നതാണ് നല്ലത്. ഏതു തരം ബൊട്ടീക്കാണ് നിങ്ങള്‍ക്ക് യോജിക്കുന്നതെന്നും മനസിലാക്കിയിരിക്കണം. എല്ലാ മേഖലയും ഒന്നിച്ചു കൊണ്ടുവരാതെ യോജിക്കുന്ന മേഖല തെരഞ്ഞെടുക്കുക.
ഡിസൈര്‍ ബൊട്ടീക് രീതിയിലോ അല്ലെങ്കില്‍ മറ്റൊരു സ്ഥലത്ത് നിന്ന് സാധനങ്ങള്‍ കൊണ്ടുവന്നു വില്‍ക്കുന്ന രീതിയിലോ ചെയ്യാവുന്നതാണ്. ഓര്‍ഡര്‍ കൊടുത്ത് വസ്ത്രങ്ങള്‍ വാങ്ങി വില്‍ക്കുന്നതാണോ ഫാഷന്‍ ഡിസൈനറുടെ സഹായത്തോടെ ഡിസൈനര്‍ ബൊട്ടീക്ക് തുടങ്ങുന്നതാണോ നല്ലതെന്നു മനസിലാക്കിയിരിക്കണം. ഒപ്പം സമയക്രമീകരണവും സാമ്പത്തികവുമൊക്കെ പരിഗണിക്കണം. എന്നാല്‍ ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ഏതൊരു സംരംഭത്തിന്റെ വിജയരഹസ്യമെന്നും ഡിനു എലിസബത്ത് കൂട്ടിച്ചേര്‍ത്തു.