ഫാഷൻ ലോകം ഇന്നും മറക്കാത്ത പേര് -കോകോ ഷാണേൽ
വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുക എന്നത് കഴിവാണ്, എന്നാൽ ഒരു നാലു പതിറ്റാണ്ടു മുൻപ് ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ വിപണിയിലെത്തിക്കുക എന്നത് വലിയ ഒരു കടമ്പ തന്നെയാണ്. കറുപ്പ് ദുഃഖത്തിന്റെയും വെളുപ്പ് ശാന്തിയുടെയും മാത്രം നിറങ്ങളായി സങ്കല്പിച്ചിരുന്ന കാലത്ത് കറുപ്പ് വസ്ത്രങ്ങളിൽ ഫാഷൻ സങ്കൽപ്പം കൊണ്ടുവന്ന് വിപ്ലവം സൃഷ്ടിച്ച ഒരു ഫാഷൻ ഡിസൈനർ ഉണ്ട്. കോകോ ഷാണേൽ… പേരിൽ തന്നെ ഉണ്ട് വൈവിദ്ധ്യം. സംഗീത പ്രേമിയായിരുന്ന കോകോ പല വേദികളിലായി പാടിയ പാട്ടിലൂടെ കിട്ടിയ പേരാണ് കോകോ എന്നത്. കോകോ പി എസ് 5 എന്ന സുഗന്ധദ്രവ്യം ഇന്നും വിപണിയിൽ നിൽക്കുന്നത് കോകോ ഷാണേൽ എന്ന വനിതയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. കൊക്കോയുടെ വിശേഷങ്ങളിലേക്ക്

സംഗീത പ്രേമിയായ കോകോ
1893 ആഗസ്ത് 19നായിരുന്നു കോകോയുടെ ജനനം, ഗബ്രിയേൽ ബുനേഹർ ഷാണേൽ എന്നായിരുന്നു കോകോയുടെ മുഴുവൻ പേര്. അച്ഛൻ ആൽബർട്ട് ഷാണേൽ നാടോടി വാണിഭകാരനും അമ്മ ഒരു അലക്കുകാരിയും ആയിരുന്നു, വീട്ടിൽ വേണ്ടത്ര സാമ്പത്തികം ഇല്ലാത്തതിനാൽ കന്യസ്ത്രീകൾ നടത്തിയിരുന്ന അനാഥലയത്തിലാണ് ഗബ്രിയേൽ വളർന്നു വലുതായതും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതും. ശേഷം വസ്ത്രങ്ങൾ തയ്ക്കുകയും വിൽക്കുകയും ചെയ്തിരുന്ന കടകളിൽ ജോലി ചെയ്തു, അങ്ങനെയാണ് വസ്ത്രങ്ങളിലെ ഡിസൈൻകളിലേക്കുള്ള ആകർഷണം കൊക്കോക്ക് വരുന്നത്. കൂടാതെ കോകോക്ക് സംഗീതത്തിൽ നല്ല അഭിരുചിയുണ്ടായിരുന്നു. കോ കോ രി കോകോ, കി ക്യാവു കോകോ എന്നീ പാട്ടുകൾ ഒരു സംഗീതസഭയിൽ അവതരിപ്പിച്ചതോടെ കോകോ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി എന്നാൽ സംഗീതമേഖലയിൽ കോകോക്ക് അവസരം ഒന്നും ലഭിച്ചിരുന്നില്ല.

ഷാണേൽ തൊപ്പി
എറ്റിയേൻ ബൽസാൻ, ആർതർ കേപൽ എന്ന രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ കോകോ പാരിസിൽ ഒരു ചെറിയ ബൂട്ടിക്ക് തുറന്നു. സ്ത്രീകൾക്കായുള്ള തൊപ്പികളുമായി രംഗത്തിറങ്ങിയ കോകോ താമസിയാതെ വസ്ത്രങ്ങളും ആഭരണങ്ങളും , ബാഗുകളും ഡിസൈൻ ചെയ്യാൻ തുടങ്ങി. കോകോ എന്ന ബ്രാൻഡ് പാശ്ചാത്യവനിതകളുടെ വസ്ത്രധാരണരീതി തന്നെ മാറ്റി മറിച്ചു. ലാളിത്യം, ആകർഷണീയത, സുഖദായകം എന്നിവയായിരുന്നു കോകോ ബ്രാൻഡിന്റെ സവിശേഷതകൾ. ഒന്നാം ലോകമഹായുദ്ധം ഒരു വിധത്തിൽ കോകോയുടെ ബിസിനസിന് അനുകൂലമായി ഭവിച്ചു. സമ്പന്നരുടെ സുഖവാസകേന്ദ്രങ്ങളായിരുന്ന ഡോവില്ലിലും, ബിയാറിട്സിലും ബൂട്ടിക് ആരംഭിക്കുവാൻ കാപലിന്റെ ധനവും ഉപദേശവും വളരെ സഹായകമായി. ഹൗസ് ഓഫ് ഷാണേൽ എന്ന വാണിജ്യസ്ഥാപനം അങ്ങനെ രൂപം കൊണ്ടു. കൂടാതെ കോകോയുടെ ഡിസൈനുകൾ അമേരിക്കയിലും വിപണി കണ്ടെത്തി. 1916- ൽ കോകോയുടെ കമ്പനിയിൽ മുന്നൂറു ജീവനക്കാരുണ്ടായിരുന്നു. 1917-ൽ കോപലിന് സ്വദേശമായ ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോകേണ്ടിവന്നു. കോപലിനെ വിവാഹം കഴിക്കാൻ കോകോക്കു താത്പര്യമുണ്ടായിരുന്നെങ്കിലും പ്രണയജോടികളായി കഴിയാനായിരുന്നു കോപലിനു താത്പര്യം. കോപൽ ഇംഗ്ലണ്ടിൽച്ചെന്ന് വേറെ വിവാഹം കഴിച്ചെങ്കിലും 1919-ൽ വാഹനാപകടത്തിൽ മരണമടയുംവരെ കോകോയുമായുള്ള സൗഹൃദം തുടർന്നിരുന്നു.

ഷാനെൽ-5: സുഗന്ധദ്രവ്യം
1920-ലാണ് ഏണസ്റ്റ് ബൂ എന്ന വ്യക്തിയെ കോകോ പരിചയപ്പെടുന്നത്, സുഗന്ധദ്രവ്യങ്ങൾ കൂട്ടിക്കലർത്തി പുതിയവക്കു രൂപം നല്കുന്നയാളായിരുന്നു ഏണസ്റ്റ് ബൂ. തികച്ചും അനന്യമായ പുതിയൊരു സുഗന്ധം നിർമിച്ചെടുക്കാൻ കോകോ ഏണസ്റ്റിനോട് ആവശ്യപ്പെട്ടു. അങ്ങനെ ഷനേൽ നമ്പർ 5 എന്ന സുഗന്ധദ്രവ്യം രൂപപ്പെടുത്തിയെടുത്തു. അതിനായി അനേകം മാസങ്ങൾ എടുക്കേണ്ടതായി വന്നു. പനിനീർപൂക്കളുടേയും മുല്ലപ്പൂക്കളുടേയും സുഗന്ധത്തോടൊപ്പം കസ്തൂരിയുടേയും കൂടാതെ വേറേയും ചില ചേരുവകളുടേയും സുഗന്ധം ഷനേൽ 5-ലുണ്ട്. ഒരു ശതാബ്ദി തികയാൻ പോകുന്ന ഷനേൽ-5ന്റെ വാർഷികവില്പന ഇന്നും കോടികൾ കവിയുമെന്നാണ് അനുമാനം.
1971 ജനുവരി 10നാണ് കോകോ ഈ ലോകത്തോട് വിടപറയുന്നത്, തന്റെതായ ഒരു ഇടം ഫാഷൻ ലോകത്തു മായ്ക്കാതെ കാത്തു വച്ചാണ് കോകോ മടങ്ങിയത്. കോകോ ഷനേലിന്റെ പഴയ വാണിജ്യപങ്കാളിയായ വെർതർമേയറുടെ ഉടമസ്ഥതയിൽ ഷനേൽ ഹൗസ് ഇന്നും നിലനില്ക്കുന്നു.

