ഐ എസ് ഓ അംഗീകാരം നേടിയ മീര മാക്സ് മേക്കപ്പ് അക്കാഡമി
അണിഞ്ഞൊരുങ്ങാനും അണിയിച്ചൊരുക്കാനുമൊക്കെ ഇഷ്ടം തോന്നാത്തവരുണ്ടോ… എന്നാൽ എല്ലാവർക്കും സുന്ദരിമാരായും സുന്ദരൻമാരായും അണിഞ്ഞൊരുങ്ങാനും ഒരുക്കാനും അറിയണമെന്നില്ലല്ലോ. പക്ഷേ അതൊക്കെ പഠിച്ചെടുക്കാനുള്ള അവസരങ്ങളുടെ വലിയ ലോകം തന്നെ നമുക്ക് ചുറ്റുമുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് എന്ന സ്വപ്നം മനസിലുണ്ടെങ്കിൽ എറണാകുളത്തെ മീര മാക്സ് മേക്കപ്പ് അക്കാഡമിയിലേക്ക് നടന്നോളൂ.
സെലിബ്രിറ്റി മേക്ക് ഓവറിലും ബ്രൈഡൽ മേക്കപ്പിലുമൊക്കെ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് മീര മാക്സ് ഇവിടുണ്ട്. മീര തനിച്ചല്ല, വ്യത്യസ്തവും പുതുമയാർന്നതുമായ മേക്കപ്പ് പാഠങ്ങൾ പറഞ്ഞു തരുന്നതിന് ഈ രംഗത്തെ ഒരു കൂട്ടം പ്രഗത്ഭർ അടങ്ങുന്ന സംഘം തന്നെയുണ്ട് മീര മാക്സ് അക്കാഡമിയിൽ.
പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റുകളെ ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനമാണ് എറണാകുളം മാമംഗലം പൊറ്റക്കുഴിയിലുള്ള മീര മാക്സ് മേക്കപ്പ് അക്കാഡമി. കുറഞ്ഞ നാളുകൾക്കുള്ളിൽ മീര മാക്സ് മേക്കപ്പ് അക്കാഡമി ആൻഡ് സ്റ്റുഡിയോ ഐഎസ്ഓ 9001-2015 അംഗീകാരവും നേടിയിട്ടുണ്ട്.
മികച്ച ക്ലാസ് മുറികളും മേക്കപ്പ് രംഗത്ത് അനുഭവപരിചയമേറെയുള്ള അധ്യാപകരും പോർട്ട്ഫോളിയോ ഫോട്ടോ ഷൂട്ടിനുള്ള സൗകര്യവുമൊക്കെയുള്ള അക്കാഡമിയിൽ വിവിധ കോഴ്സുകൾ പഠിപ്പിക്കുന്നുണ്ട്. കൊച്ചിയിലെ ഒന്നാം നിര മേക്കപ്പ് അക്കാഡമികളുടെ പട്ടികയിൽ ഇടം പിടിച്ച മീര മാക്സ് ദ് മേക്കപ്പ് പ്രൊഫഷണൽ എന്ന മേക്കപ്പ് അക്കാഡമിയെക്കുറിച്ചും മീര മാക്സിനെക്കുറിച്ചും കൂടുതലറിയാം.

മീരയുടെ സ്വപ്നം
മേക്കപ്പ് അക്കാഡമി എന്റെയൊരു സ്വപ്നമായിരുന്നു. മേക്കപ്പ് ചെയ്യാനും അണിയിച്ചൊരുക്കാനുമൊക്കെ ഇഷ്ടവുമായിരുന്നു. അങ്ങനെയൊരു ഇഷ്ടം മനസിലുണ്ടെങ്കിലും പഠിച്ചതൊക്കെ മറ്റ് വിഷയമായിരുന്നു. ബികോം പൂർത്തിയാക്കിയ ശേഷം സെയിൽസ് ടാക്സ് ഓഫീസിലും എച്ച് ഡി എഫ് സി ഇനുഷുറൻസ് സെക്ഷനിലുമാണ് ജോലി ചെയ്തത്. പക്ഷേ ഈ ജോലി ചെയ്യുമ്പോഴും മനസ് മറ്റൊരിടത്തായിരുന്നു. മനസ് നിറയെ ബ്യൂട്ടിയും മേക്കപ്പുമൊക്കെയായിരുന്നു.
ഇങ്ങനെയൊരു കമ്പമുള്ളതു കൊണ്ടു തന്നെയാണ് ആരുമറിയാതെ ബ്യൂട്ടീഷൻ കോഴ്സ് പഠിച്ചതും. ബികോം പഠിക്കുന്നതിനൊപ്പമാണ് വീട്ടുകാരറിയാതെ ബ്യൂട്ടീഷൻ കോഴ്സ് പഠിച്ചത്. എന്നാൽ അതൊക്കെ പഠിക്കുന്നതിന് മുൻപേ മേക്കപ്പ് ചെയ്തു നോക്കിയിട്ടുണ്ട്. മറ്റാർക്കുമല്ല സ്വന്തം ചേച്ചിയ്ക്കാണ്. വിവാഹദിനത്തിൽ ചേച്ചിയെ മേക്കപ്പ് ചെയ്തതു കണ്ട് എല്ലാവർക്കും ഇഷ്ടമായി. ഒന്നും പഠിക്കാതെ തന്നെ ബ്രൈഡിനെ ഒരുക്കിയത് കണ്ട് ചിലരൊക്കെ മേക്കപ്പും ബ്യൂട്ടിഷൻ കോഴ്സുമൊക്കെ പഠിക്കണമെന്നു പറഞ്ഞു. അങ്ങനെയാണ് മേക്കപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പഠിക്കണമെന്നു തീരുമാനിക്കുന്നതെന്നും മീര. നോർത്ത് പറവൂർ സ്വദേശിയായ മീര മുരളിയുടെയും കൃഷ്ണകുമാരിയുടെയും മകളാണ്.
മേക്കപ്പ് പഠനം കലൂരിലെ പട്ടണം റഷീദ് മേക്കപ്പ് അക്കാഡമിയിലായിരുന്നുവെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. പിന്നീട് മുംബൈയിൽ നിന്നാണ് മീര മേക്കപ്പ് കോഴ്സ് പഠിക്കുന്നത്. ഫ്രീലാൻസ് മേക്കപ്പ് ആർട്ടിസ്റ്റായി കുറേ വർക്കുകൾ ചെയ്തിട്ടുണ്ട്. മഴവിൽ മനോരമയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു മീര. കോഴിക്കോട് ഐമാക്, പട്ടണം റഷീദ് മേക്കപ്പ് അക്കാഡമി, ബിബിൻസ് മേക്കപ്പ് സ്റ്റുഡിയോ എന്നിവിടങ്ങളിൽ മേക്കപ്പ് പഠിപ്പിക്കാനും പോയിട്ടുണ്ട്. ബ്യൂട്ടിപാർലറുകൾക്ക് വേണ്ടിയും ക്ലാസെടുത്തിട്ടുണ്ട്. ഇങ്ങനെ നിരവധി സ്ഥലങ്ങളിൽ ക്ലാസെടുത്തതിന്റെ തിരക്കുകൾക്ക് മാറ്റം വരുത്തണമെന്ന ചിന്തയിലാണ് മേക്കപ്പ് അക്കാഡമി ആരംഭിക്കാമെന്നു മീര തീരുമാനിക്കുന്നത്.

പ്രതിസന്ധികളായി
കോവിഡും ലോക്ഡൗണും
മേക്കപ്പ് അക്കാഡമി ആരംഭിക്കുമ്പോൾ മീരയുടെ മനസിൽ ആശങ്കകളും സംശയങ്ങളുമൊക്കെയായിരുന്നു. കൃത്യമായ പ്ലാനിങ്ങോടു കൂടി ജീവിക്കുന്ന ഒരാളാണ് ഞാൻ, മീര പറയുന്നു. എന്റെ കൈവശം പതിനായിരം രൂപയുണ്ടെങ്കിൽ അതിൽ പകുതി മാത്രമേ ചെലവാക്കൂ. ബാക്കി തുക സൂക്ഷിക്കും. അങ്ങനെ അല്ലെങ്കിൽ എനിക്ക് ടെൻഷനാകും. പുതിയ സംരംഭം തുടങ്ങുമ്പോൾ കൈയിലുള്ള തുക മുഴുവനും ഉപയോഗിച്ചാൽ, അതിൽ നന്ന് എപ്പോൾ നമുക്ക് ലാഭമുണ്ടാക്കാനകുമെന്ന് പറയാൻ പറ്റില്ലല്ലോ. ലാഭം ഉണ്ടാക്കാൻ രണ്ടോ മൂന്നോ വർഷം തന്നെയെടുത്തേക്കാം. അത്തരം ആശങ്കളായിരുന്നു മനസിൽ. എന്നാൽ ചില കാര്യങ്ങളൊക്കെ ആരംഭിക്കുന്നതിന് ഒരു സമയമുണ്ടല്ലോ. അങ്ങനെ അക്കഡാമിയുടെ നല്ല സമയം ഇതാണെന്ന തോന്നലിൽ ആശങ്കളെ മറന്ന് ആരംഭിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
2020 ജനുവരി 22ന് മീര മാക്സ് മേക്കപ്പ് അക്കാഡമി ആരംഭിച്ചു. പക്ഷേ പ്രതികൂല കലാവസ്ഥയാണ് മീരയെ കാത്തിരുന്നത്. അക്കാഡമി പ്രവർത്തനം ആരംഭിച്ചു മൂന്നു മാസം തികയും മുൻപേ കോവിഡ് 19-ന്റെ വരവും ലോക്ഡൗണും. അക്കാഡമിയും അടച്ചിട്ടു. അക്കാലത്ത് ഒട്ടുമിക്ക സംരംഭകരും നേരിട്ടതു പോലുള്ള പ്രശ്നങ്ങൾ ഞങ്ങളും നേരിട്ടു. പിന്നീട് അതൊക്കെയും അതിജീവിച്ചു തിരിച്ചുവരവ്. ഇപ്പോൾ ക്ലാസുകളൊക്കെ സുഗമമായി നടക്കുന്നു.

ഒരു ദിവസം മുതൽ എട്ട് മാസം വരെ
നീളുന്ന കോഴ്സുകൾ
ബ്രൈഡൽ മേക്കപ്പ്, കോസ്മറ്റോളജി, സെൽഫ് മേക്കപ്പ് തുടങ്ങിയ മൂന്ന് കോഴ്സുകളാണ് മീര മാക്സ് അക്കാഡമിയിൽ പഠിപ്പിക്കുന്നത്. വധുവിനെ അണിയിച്ചൊരുക്കുന്നതിനെക്കുറിച്ചുള്ള ക്രാഷ് കോഴ്സാണ് ഇവിടെയുള്ളത്. 10 ദിവസം നീണ്ടു നിൽക്കുന്നതാണ് ബ്രൈഡൽ മേക്കപ്പ് ക്രാഷ് കോഴ്സ്. പ്രവേശനത്തിന് പ്രത്യേക നിബന്ധനകളൊന്നും ഇല്ല. അക്കാഡമിയിൽ കൂടുതൽ ഡിമാന്റുള്ള കോഴ്സും ബ്രൈഡൽ മേക്കപ്പാണ്. പത്ത് ദിവസം നീളുന്ന ക്ലാസിൽ മേക്കപ്പ്, ഹെയർ സ്റ്റൈൽ, സാരി ഉടുക്കൽ, ഫ്ലവർ സെറ്റിങ്ങ്, ഓർണമെന്റ്സ് സെറ്റിങ്ങ്സ്, ഡിജിറ്റിൽ മാർക്കറ്റിങ്ങ് എന്നിവയാണ് പഠിപ്പിക്കുന്നത്. ഈ കോഴ്സിനൊപ്പം രണ്ട് ദിവസത്തെ എയർ ബ്രഷ് മേക്കപ്പ് പഠിപ്പിച്ചു നൽകുന്നുണ്ട്.
എട്ട് മാസം ദൈർഘ്യമുള്ളതാണ് ഡിപ്ലോമ ഇൻ കോസ്മറ്റോളജി. നാലു മാസം കോസ്മറ്റോളജിയും മൂന്നു മാസം ഹെയർ ഡിസൈനിങ്ങുമാണ് പഠിപ്പിക്കുന്നത്. ഈ കോഴ്സുകളിൽ ഏതെങ്കിലും ഒരെണ്ണം മാത്രം തെരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവുമുണ്ട്. ഡിപ്ലോമ ഇൻ കോസ്മറ്റോളജിയിൽ പത്ത് ദിവസത്തെ ബ്രൈഡൽ മേക്കപ്പും ഹെയർ സ്റ്റൈലിങ്ങുമൊക്കെ പഠിപ്പിക്കുന്നുണ്ട്.
പത്ത് ദിവസം നീളുന്ന ഹെയർ സ്റ്റൈലിങ്ങ് കോഴ്സിൽ മുടി വെട്ടുന്നതിനെക്കുറിച്ച് മാത്രം പഠിക്കാനെത്തുന്നവരുണ്ട്. ബ്യൂട്ടിപാർലറിലൊക്കെ ജോലി ചെയ്യുന്നവർക്ക് പുത്തൻ ഹെയർ കട്ട്സ് പഠിക്കാൻ ഈ കോഴ്സിലൂടെ സാധിക്കും. സ്വന്തമായി മേക്കപ്പ് ചെയ്ത് അണിഞ്ഞൊരുങ്ങാനാഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് സെൽഫ് മേക്കപ്പ് കോഴ്സ്. ഒരു ദിവസത്തെ ക്ലാസാണ് നൽകുന്നത്. ഉദ്യോഗസ്ഥർക്കാണ് ഈ കോഴ്സ് കൂടുതൽ പ്രയോജനപ്പെടുന്നത്. വ്യത്യസ്തമായ രണ്ട് രീതികളിൽ മുടി കെട്ടാൻ പഠിപ്പിച്ചു കൊടുക്കും, മേക്കപ്പ്, എളുപ്പത്തിൽ സാരിയുടുക്കാനുള്ള ടിപ്സ് എന്നിവയാണ് സെൽഫ് മേക്കപ്പ് കോഴ്സിൽ പഠിപ്പിക്കുന്നത്. മീര മാക്സിനെ കൂടാതെ 4 അധ്യാപകരും അതിഥി അധ്യാപകരുമാണ് ക്ലാസുകൾ എടുക്കുന്നത്.

പഠനശേഷം ജോലി ഉറപ്പ്
പ്രായ പരിധിയോ വിദ്യാഭ്യാസ യോഗ്യതയോ മാനദണ്ഡമാക്കിയല്ല മീര മാക്സ് അക്കാഡമിയിൽ പ്രവേശനം. ഏതു പ്രായക്കാർക്കും ഏത് വിഷയം പഠിച്ചവർക്കും അക്കാഡമിയിൽ പ്രവേശനമുണ്ടെന്നും മീര പറയുന്നു. ഇപ്പോഴത്തെ ട്രെന്റ് ബ്രൈഡൽ മേക്കപ്പായതു കൊണ്ടാകും ഈ കോഴ്സിനാണ് കൂടുതൽ വിദ്യാർഥികൾ ചേർന്നിട്ടുള്ളത്. വീട്ടമ്മമാരാണ് കോസ്മറ്റോളജിയിൽ താത്പ്പര്യം കാണിക്കുന്നത്. സ്വദേശത്ത് മാത്രമല്ല വിദേശനാടുകളിലും മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് വലിയ അവസരങ്ങളാണുള്ളത്. കൊളാബ് ഷൂട്ട്, പരസ്യങ്ങൾ പോലുള്ളവയുടെ വർക്ക് ലഭിക്കാറുണ്ട്. ഇത്തരം കാര്യങ്ങളിൽ വിദ്യാർഥികളെ ഉൾപ്പെടുത്തുകയും ചെയ്യും. അക്കാഡമിയിൽ നിന്നും പഠിച്ചിറങ്ങിയവർ ബ്യൂട്ടി പാർലറുകളിലും ഫ്രീലാൻസ് മേക്കപ്പ് ആർട്ടിസ്റ്റുമായുമൊക്കെ ജോലി നോക്കുന്നുണ്ട്. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ ആരും ജോലി കിട്ടാതെ വെറുതേ ഇരിക്കുന്നില്ലെന്നതാണ് സന്തോഷമെന്നും അഭിമാനത്തോടെ മീര പറഞ്ഞു.
സിനിമാമേഖലയിൽ അസിസ്റ്റന്റ് മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു മീര. പ്രൗഡ്, ലോഹം, ഹല്ലേല്ലൂയ തുടങ്ങിയ ചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്. മീരയുടെ ഭർത്താവ് സംവിധാനം ചെയ്ത ഖാലി പേഴ്സ് ഓഫ് ബില്യണയറിന് പുറമേ പൂവ് എന്ന സിനിമയിലും സ്വതന്ത്ര്യ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു. സ്വതന്ത്ര്യ മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സിനിമ അസോസിയേഷന്റെ കാർഡ് നേടാമെന്നുള്ള പ്രതീക്ഷയിലാണ് മീര ഇപ്പോൾ. സംവിധായകൻ മാക്സ് വെൽ ആണ് ഭർത്താവ്. അഞ്ചു വയസുകാരനായ വെയിൽ മീര മാക്സ് ആണ് മകൻ.