രഞ്ജുവിന്റെ ഡോറ അക്കാഡമി: ഇവിടെ പഠനവും ജോലിയും റെഡി
ഡോറ ഈ പേര് കേൾക്കുമ്പോൾ തന്നെ ഒരു അതിസുന്ദരിയായ പെൺകുട്ടിയല്ലേ നമ്മുടെയൊക്കെ മനസിലേക്കെത്തുന്നത്. പേര് പോലെ അഴകിന്റെ ലോകമാണ് ഈ ഡോറയും സമ്മാനിക്കുന്നത്. ഇവിടേക്കെത്തിയാൽ നിങ്ങൾക്കും രാജകുമാരിയെ പോലെ സുന്ദരികളാകാം. ഒപ്പം ഓരോ പെൺകുട്ടിയെയും അഴകിന്റെ റാണിമാരാക്കാനും ഈ ഡോറ എന്ന സുന്ദര ലോകത്തിലൂടെ നിങ്ങൾക്ക് സാധിക്കും. എങ്ങനെയെന്നല്ലേ, മലയാളികളുടെ പ്രിയപ്പെട്ട രഞ്ജു രഞ്ജിമാറിന്റെ സ്വപ്നമായ ഡോറ ബ്യൂട്ടി അക്കാഡമി എന്ന സ്ഥാപനത്തിലൂടെ നിങ്ങൾക്ക് മേക്കപ്പ് ലോകത്തിലേക്കെത്താം.
രഞ്ജു രഞ്ജിമാറിനെയും ഡോറ ബ്യൂട്ടി വേൾഡിനെയും കുറിച്ച് അറിയാത്ത മലയാളികളുണ്ടാകില്ല. അത്രയേറെ സ്നേഹത്തോടെയാണ് രഞ്ജു എന്ന മേക്കപ്പ് ആർട്ടിസ്റ്റിന് ഓരോ മലയാളിയും മനസിൽ ഇടം നൽകിയിരിക്കുന്നത്. ഭാവനയെയും മംമ്തയെയും പ്രിയാമണിയെയുമൊക്കെ അതിസുന്ദരമായി അണിയിച്ചൊരുക്കുന്ന രഞ്ജുവിന്റെ സ്വപ്ന സംരംഭമാണ് ഡോറ ബ്യൂട്ടിവേൾഡ്. സലൂൺ മാത്രമല്ല ഇപ്പോൾ ഡോറ ബ്യൂട്ടി അക്കാഡമിയും പ്രശസ്തമാണ്. രഞ്ജുവിനെ പോലെ മേക്കപ്പ് രംഗത്ത് ശോഭിക്കാനാഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് ധൈര്യപൂർവം കടന്നുവരാം. മേക്കപ്പ് ആർട്ടിസ്റ്റ് എന്ന ആഗ്രഹം സഫലമാക്കാൻ ഇതിനെക്കാൾ മികച്ച ഒരിടം വേറെയില്ലെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല. അക്കാഡമിയെക്കുറിച്ച് രഞ്ജു രഞ്ജിമാർ റാംപ് ആൻഡ് കോംപിനോട് സംസാരിക്കുകയാണ്.

പരിശ്രമങ്ങളിലൂടെ വിജയം നേടി
ഡോറ ബ്യൂട്ടി വേൾഡ് എന്ന സ്ഥാപനം ആരംഭിക്കുമ്പോൾ എന്റെ മനസിൽ അക്കാഡമി എന്നൊരു സ്വപ്നം പോലും ഇല്ലായിരുന്നുവെന്നു രഞ്ജു പറയുന്നു. എന്നാൽ സെമിനാറുകളും വർക് ഷോപ്പും ക്ലാസുകളുമൊക്കെ എടുക്കാൻ പോയിരുന്ന നാളുകളിലെപ്പോഴോ വെറുതേ ഒരു ആഗ്രഹം മനസിൽ തോന്നി, മേക്കപ്പ് അക്കാഡമി ഉണ്ടായിരുന്നുവെങ്കിൽ എന്ന്. പിന്നീട് അതൊരു വലിയ സ്വപ്നമായി മനസിൽ സൂക്ഷിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ ഹെയർ സ്റ്റൈലിസ്റ്റ് അംബിക പിള്ളയുടെ അടുത്ത് മേക്കപ്പ് അസിസ്റ്റന്റായി വിൽസ് ഇന്ത്യ ഫാഷൻ ഷോയ്ക്ക് വേണ്ടി പോകുമ്പോഴും മേക്കപ്പ് അക്കാഡമി എന്ന മോഹം മനസിലുണ്ടായിരുന്നു. എന്നാൽ അതേക്കുറിച്ച് വലിയ ധാരണകളും ഇല്ല. എന്നെ കൊണ്ട് അതിനൊക്കെ സാധിക്കുമോ എന്നൊരു സംശയവും ഒപ്പമുണ്ടായിരുന്നു. അതേക്കുറിച്ച് അൽപ്പമെങ്കിലും മനസിലാക്കുന്നത് സെമിനാറുകളും വർക് ഷോപ്പുകളുമൊക്കെ എടുത്തശേഷമാണ്. ആദ്യം സലൂൺ, പിന്നീട് മേക്കപ്പ് അക്കാഡമി ആരംഭിച്ചു. ഇങ്ങനെയൊക്കെയാണ് ഡോറ ബ്യൂട്ടി വേൾഡ് എന്ന എറണാകുളം അങ്കമാലിയിലെ സലൂണിനൊപ്പം ഡോറ മേക്കപ്പ് അക്കാഡമിയും ആരംഭിക്കുന്നത്. പിന്നീട് കൊല്ലത്തെ സലൂണിനൊപ്പവും മേക്കപ്പ് അക്കാഡാമി ആരംഭിച്ചു.
എന്നാൽ അങ്കമാലി പോലൊരു സ്ഥലത്ത് ഡോറ ആരംഭിക്കുമ്പോൾ മനസ് നിറയെ ആശങ്കകളായിരുന്നു. ഇവിടെ സലൂൺ ആരംഭിക്കുന്നതിനോട് എനിക്ക് അത്ര താത്പ്പര്യവും ഇല്ലായിരുന്നുവെന്നതാണ് നേര്. മറ്റൊന്നും കൊണ്ടല്ല, അങ്കമാലി കെഎസ്ആർടിസി ബിൽഡിങ്ങിലാണല്ലോ ഡോറ പ്രവർത്തിക്കുന്നത്. കെഎസ്ആർടിസി സ്റ്റാൻഡിന് മുകളിലേക്ക് സ്ത്രീകളൊക്കെ വരുമോ എന്നൊരു സംശയമുണ്ടായിരുന്നു. മറ്റൊരു കാര്യം ഇവിടം കസ്റ്റമേഴ്സിനെ ആകർഷിക്കുന്ന സ്ഥലമാണെന്നും തോന്നിയില്ല. പക്ഷേ ആ ധാരണകളൊക്കെ തെറ്റാണെന്നു കാലം തെളിയിച്ചു. നമ്മൾ നൽകുന്ന സർവീസ് നല്ലതാണെങ്കിൽ എവിടെയാണെങ്കിലും ആളുകൾ അന്വേഷിച്ചെത്തുമെന്നു എനിക്ക് മനസിലായി. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി എവിടെ നിന്നും വരും എന്നല്ലേ ചൊല്ല്. കസ്റ്റമേഴ്സ് ആഗ്രഹിക്കുന്ന തരത്തിലുള്ള സർവീസ് കൊടുക്കാൻ പരമാവധി ശ്രമിച്ചു, ആ ശ്രമത്തിൽ ഞങ്ങൾക്ക് വിജയം കണ്ടെത്താനായെന്നതാണ് സത്യം.

നൂറു ശതമാനം ജോലി ഉറപ്പ്
ഡോറ എന്ന പേരിട്ടതിന് പിന്നിലും രഞ്ജു തന്നെയാണ്. ഡോറ ഇതൊരു രാജകുമാരിയുടെ പേരാണ്. ഡോറയിൽ വരുന്നവർക്കെല്ലാം രാജകുമാരിമാരെ പോലെ സുന്ദരിമാരായി പോകാമെന്ന ആശയമാണ്. ആ പേരു പോലെ ഇവിടെ വരുന്നവർ നൂറു ശതമാനം സംതൃപ്തിയോടെയാണ് തിരികെ പോകുന്നതെന്ന് അറിയുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്. ഞാനിട്ട പേര് മോശമായില്ലല്ലോ എന്നു എനിക്ക് തോന്നാറുണ്ടെന്നു രഞ്ജു.
മേക്കപ്പ് അക്കാഡമിയിൽ ഒരു ബാച്ചിൽ 30 കുട്ടികൾക്കാണ് അവസരം നൽകുന്നത്. വലിയ മാനദണ്ഡണങ്ങളൊന്നും പ്രവേശനത്തിന് ഇല്ലെന്നതും പ്രത്യേകതയാണ്. എഴുതാനും വായിക്കാനും അറിയണമെന്ന നിബന്ധനയുണ്ട്. എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന സിലബസ് ആണ് ഡോറ മേക്കപ്പ് അക്കാഡമി പിന്തുടരുന്നത്. പ്ലസ് ടു കഴിഞ്ഞവും വീട്ടമ്മമായും സലൂണുകളിൽ ജോലി ചെയ്ത പരിചയസമ്പന്നരും അക്കാഡമിയിൽ അഡ്മിഷൻ എടുക്കാറുണ്ട്. അഡ്മിഷന് ജെൻഡർ വ്യത്യാസം ഒന്നും ഇല്ല. പഠിക്കാൻ താത്പ്പര്യമുള്ള എല്ലാവർക്കും ഡോറ ബ്യൂട്ടി അക്കാഡമിയിൽ പ്രവേശനമുണ്ട്. കഴിവതും ഒന്നോ രണ്ടോ ട്രാൻസ്ജെൻഡർ കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കാറുണ്ട്.
അനുഭവസമ്പന്നരായ അധ്യാപകരാണ് ഡോറ അക്കാഡമിയുടെ മറ്റൊരു കരുത്ത്. പതിനഞ്ചും ഇരുപതും വർഷത്തെ അനുഭവപരിചയങ്ങളുള്ള വിദഗ്ധരാണ് ഇവിടെ പഠിപ്പിക്കുന്നത്. തിയറി ക്ലാസുകൾക്കൊപ്പം പ്രാക്റ്റിക്കൽ സെഷനും കൃത്യതയോടെ നൽകുന്നുണ്ട്. മേക്കപ്പ് ചെയ്യേണ്ടതിനെക്കുറിച്ചുള്ള പൂർണവിവരങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠനവിഷയമായി മേക്കപ്പ് മാത്രമല്ല മുടി സംരക്ഷണം, വ്യത്യസ്ത ഹെയർ സ്റ്റൈലുകൾ, സ്കിൻ കെയർ എല്ലാം വിശദമായി പഠിപ്പിക്കുന്നുണ്ട്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നൂറു ശതമാനം പ്ലേസ്മെന്റും ഡോറ ഉറപ്പു നൽകുന്നുണ്ടെന്നതാണ് മറ്റൊരു ആകർഷണം. കോഴ്സ് പൂർത്തിയാക്കിയ ശേഷം ഡോറയിൽ തന്നെ ഒരു മാസം നീളുന്ന പരിശീലനം നൽകും. പരിശീലന നാളുകളിലെ വിദ്യാർഥികളുടെ മികവ് അനുസരിച്ച് ഒന്നോ രണ്ടോ പേർക്ക് ഡോറയിൽ ജോലി നൽകാറുണ്ട്. അതിനൊപ്പം മറ്റു സലൂണുകളിലും വിദ്യാർഥികൾക്ക് ജോലി ശരിയാക്കി കൊടുക്കും. റിപ്പോർട്ടർ ചാനലിൽ മേക്കപ്പ് ആർട്ടിസ്റ്റുകളായും ഇവിടെ നിന്നു പഠിച്ചിറങ്ങിയവരുണ്ട്. ഇതിനൊപ്പം ഇവിടെ ലഭിക്കുന്ന വർക്കുകളിൽ വിദ്യാർഥികളെയും ഒപ്പം സഹകരിപ്പിക്കാറുണ്ട്. നൂറു ശതമാനം ജോലി ഉറപ്പ് വാഗ്ദാനം ചെയ്യുന്ന കോഴ്സുകളാണ് ഡോറ നൽകുന്നത്. മേക്കപ്പിന്റെ പൂർണമായ വിവരങ്ങൾ ഹൃദിസ്ഥമാക്കിയാണ് ഓരോ വിദ്യാർഥിയും ഡോറയിൽ നിന്ന് പഠിച്ചിറങ്ങുന്നത്. ഇതുവരെ ഏകദേശം അഞ്ഞൂറിലധികം വിദ്യാർഥികൾ ഡോറ ബ്യൂട്ടി അക്കാഡമിയിൽ നിന്ന് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.

അടുത്ത ലക്ഷ്യം
കോസ്മെറ്റോളജി കോളെജ്
രജനി, ഷനിൽ, സൂര്യ തുടങ്ങിയവർക്കൊപ്പം രഞ്ജുവും അക്കാഡമിയിലെ അധ്യാപികയാണ്. സിനിമകൾ, കല്യാണങ്ങൾ, ദുബായിയിലെ ബിസിനസ് തിരക്കുകളൊക്കെയുണ്ടെങ്കിലും ക്ലാസെടുക്കുന്നതിൽ ഞാനൊരിക്കലും വീഴ്ച വരുത്താറില്ലെന്നു രഞ്ജു പറയുന്നു. ക്ലാസുകൾ കൃത്യമായി എടുക്കാറുണ്ട്. തിയറിയും പ്രാക്റ്റിക്കലും പ്രൊഡക്റ്റ് നോളജുമൊക്കെ അവർക്ക് വിശദമായി പറഞ്ഞു നൽകാറുണ്ട്. ഓരോ കോഴ്സ് പൂർത്തിയാകുമ്പോഴും അക്കാഡമി കൂടുതൽ മികവുറ്റതായി മാറിക്കൊണ്ടിരിക്കുകയാണ്. പരീക്ഷകളുടെ രീതിയും പാഠ്യപദ്ധതിയും ഓരോ ബാച്ച് കഴിയുമ്പോഴും അപ്ഡേഷനുകൾ വന്നു കൊണ്ടിരിക്കുന്നു. അതുകൊണ്ട് പുതിയ കുട്ടികൾ വരുമ്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും. മേക്കപ്പ് സിലബസ് കൈകാര്യം ചെയ്യുന്നത് ഞാൻ തന്നെയാണ്. സ്കിൻ, ഹെയർ വിഭാഗം ഫാക്വൽറ്റികൾ തന്നെയാണ് അവരുടെ പാഠ്യരീതി തീരുമാനിക്കുന്നത്.
ഡോറ ബ്യൂട്ടി അക്കാഡമി എന്റെ പില്ലറാണ്. ഈ പില്ലർ ഞാൻ അത്രത്തോളം ഇഷ്ടപ്പെടുന്നു. ജീവിതത്തിൽ ഏറ്റവും മൂല്യം കൽപ്പിക്കുന്നതാണ് ബ്യൂട്ടി അക്കാഡമി. അക്കാഡമിയിലും സലൂണിലും വരുന്ന കസ്റ്റമേഴ്സും വിദ്യാർഥികളും നൂറു ശതമാനം സംതൃപ്തിയോടെയാകണം തിരികെ പോകേണ്ടതെന്നാണ് ഞാനാഗ്രിക്കുന്നത്. അതിനു സാധിക്കുന്നുമുണ്ട്. ഈ വിജയത്തിന് പിന്നിൽ തനിച്ചല്ല, എന്നെ പിന്തുണയ്ക്കുന്നവരുടെ സഹകരണവും ഒപ്പമുണ്ട്. ഡോറ ബ്യൂട്ടി വേൾഡ് ജി എസ് ആർ ട്രെൻഡി ഫാഷൻ എന്ന കമ്പനിയുടെ മാനെജിങ്ങ് ഡയറ്ക്റ്ററാണ് ഞാൻ. കമ്പനിയുടെ കീഴിലാണ് ഡോറ ബ്യൂട്ടി വേൾഡും ഡോറ ബ്യൂട്ടി അക്കാഡമിയും. പാർട്ട്ണേഴ്സും സഹായിക്കുന്നുണ്ട്.
ഈ സ്ഥാപനങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് അക്കാഡമിയിലെ അധ്യാപകരും സലൂണിലെ സ്റ്റാഫുകളുമൊക്കെ സഹായിക്കുന്നുണ്ട്.

സ്കിൻ സെഷൻ കൈകാര്യം ചെയ്യുന്ന രജനി, ഹെയർ നോക്കുന്ന ഷനിൽ, മേക്കപ്പിന് സബ്സ്റ്റ്യൂട്ട് ക്ലാസെടുക്കുന്ന സൂര്യ, ബ്രൈഡൽ ഹെയർ സ്റ്റൈൽ ചെയ്യുന്ന സുധി, കൊല്ലം ഡോറ ബ്യൂട്ടി വേൾഡിന്റെ മാനെജർ ജാസ്മിൻ, ഹേമ, മുഹ്സിൻ, ഡോറ അക്കാഡമിയിലെ അഡ്മിനിസ്ട്രേറ്റർ ജോളിയും അങ്കമാലിയിലെ മഞ്ജു, ഹരിണി, അജിത തുടങ്ങി ഇവരെല്ലാവരും ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നത്. അവരുടേതായ രീതിയിൽ പിന്തുണയ്ക്കുന്നതിനാലാണ് ഡോറ നന്നായി മുന്നോട്ട് പോകുന്നത്.
അങ്കമാലി, കൊല്ലം എന്നിവിടങ്ങളിലാണ് ഡോറ ബ്യൂട്ടി വേൾഡ് പ്രവർത്തിക്കുന്നത്. ഉടൻ കോഴിക്കോടും ഡോറ ആരംഭിക്കുകയാണ്. കേരളത്തിൽ ഒരു കോസ്മെറ്റോളജി കോളെജ് ആരംഭിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ദൈവാനുഗ്രഹത്തോടെ അതൊക്കെ നടക്കുമെന്ന പ്രതീക്ഷയിലാണ്. അങ്ങനെയൊരു കോളെജ് ആരംഭിക്കും മുൻപ് ലണ്ടനിൽ പോയി ഒരു മേക്കപ്പ് കോഴ്സ് ചെയ്യണമെന്ന ആഗ്രഹവും എനിക്കുണ്ട്. അതിന്റെ കാര്യങ്ങളൊക്കെ നടക്കുന്നു. കോഴ്സ് പൂർത്തിയാക്കി തിരികെയെത്തുമ്പോൾ 2025-ഓടെ കേരളത്തിൽ ഡോറ കോസ്മെറ്റോളജി കോളെജ് ആരംഭിക്കുമെന്നും ആത്മവിശ്വാസം നിറഞ്ഞ ചിരിയോടെ രഞ്ജു പറഞ്ഞവസാനിപ്പിച്ചു.