പായൽ സിംഗാൾ…
അച്ഛന് പിന്നാലെ സഞ്ചരിച്ച മകൾ
ദക്ഷിണേഷ്യൻ ഫാഷൻ ഡിസൈനർമാരിൽ പേരുകേട്ട, സമകാലിക ഇന്ത്യൻ വസ്ത്രലോകത്തിന് ആരെയും വിസ്മയിപ്പിക്കുന്ന സംഭാവനകൾ സമ്മാനിച്ച കലാകാരി. പായൽ സിംഗാൾ… കലാപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു വളർന്ന പായൽ കുട്ടിക്കാലത്ത് തന്നെ വസ്ത്ര ഡിസൈനിങ്ങ് ലോകത്തിലേക്ക് കടന്നുവെന്നതു അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കി. 15-ാം വയസിൽ ജീവിതത്തിലാദ്യമായി ആകർഷകമായ വസ്ത്രാലങ്കാരം സൃഷ്ടിച്ചു കൊണ്ട് ഫാഷൻ ലോകത്തിലേക്കെത്തിയ പായൽ സിംഗാളിന്റെ വിശേഷങ്ങളിലേക്ക്.

ബാല്യകാലം സമ്മാനിച്ചത്
മുംബൈയിൽ ജനിച്ച പായൽ കുട്ടിക്കാലം മുതൽ തന്നെ സ്കെച്ചിങ്ങ്, ഡിസൈനിങ്ങ് രംഗങ്ങളിൽ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. പായലിന്റെ കുടുംബപശ്ചാത്തലവും അവരെ സ്വാധീനിച്ചുവെന്നു പറയാം. ഫാഷൻ, സിനിമ, കല തുടങ്ങിയ മേഖലകളിലെല്ലാം നിറഞ്ഞുനിന്നിരുന്നു പായലിന്റെ കുടുംബം. ഒരു പക്ഷേ സിനിമയും കലയും നിറയുന്ന ആ കുട്ടിക്കാല ജീവിതമാകാം അവരെ വസ്ത്രങ്ങൾ നിറം പകരുന്ന ലോകത്തിലേക്കെത്തിച്ചതും. പ്രശസ്ത ആർട്ടിസ്റ്റും ഫോട്ടോഗ്രഫറുമായിരുന്നു പായലിന്റെ മുത്തശ്ശൻ ജെ.പി.സിംഗാൾ. ലണ്ടൻ ഫാഷൻസിലെ ഡിസൈനറും സംരംഭകനുമായിരുന്നു അച്ഛൻ ദിനേശ് സിംഗാൾ. സർഗാത്മകത പായലിന് ജന്മം കൊണ്ടു മാത്രമല്ല കുട്ടിക്കാലജീവിതാനുഭവങ്ങളിലൂടെയും ലഭിച്ചതാണ്.
മുംബൈയിലെ എസ് എൻ ഡി റ്റി വിമൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം നേടിയിട്ടുണ്ട് പായൽ. ന്യൂയോർക്കിലെ ദി പാർസൺസ് സ്കൂൾ ഓഫ് ഡിസൈൻസിൽ നിന്നും ന്യൂയോർക്കിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും പഠിച്ച ശേഷമാണ് ഇവർ വസ്ത്ര ഡിസൈനിങ്ങ് രംഗത്ത് സജീവമാകുന്നത്. എസ്എൻഡിടി യൂണിവേഴ്സിറ്റിയിലെ ബിരുദ ഷോയിൽ മോസ്റ്റ് എലഗന്റ് കലക്ഷൻ ഓഫ് ദി ഇയർ പുരസ്കാരവും പായൽ നേടിയിട്ടുണ്ട്.

കൗമാരക്കാരിയുടെ നേട്ടം
15-ാം വയസിൽ ആദ്യമായി വസ്ത്രഡിസൈൻ ഒരുക്കി ഷോപ്പേഴ്സ് സ്റ്റോപ്പിൽ നിന്ന് ഡിസൈനർ ഓഫ് ദി ഇയർ അംഗീകാരം സ്വന്തമാക്കിയതോടെ പായൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. മറ്റൊരു ബഹുമതി കൂടി ഈ വസ്ത്ര ഡിസൈനിലൂടെ പായലിനെ തേടിയെത്തി. അവാർഡ് സ്വന്തമാക്കിയ ഈ ഡിസൈൻ ധരിച്ചതാകട്ടെ ലോക സുന്ദരി ഐശ്വര്യ റായ് ബച്ചനും. പിന്നീട് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇവർ തുടക്കമിട്ട ഫാഷൻ ലോകം പായൽ സിംഗാൾ ലേബൽ ഫാഷൻ പ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ്.
1999-ൽ സ്ഥാപിതമായ പായൽ സിംഗാൾ ലേബൽ ആധുനിക ഇന്ത്യൻ വധുവിനെയും ഒക്വേഷണൽ വെയറുകളെയും ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തിച്ചു. ചരിത്രവും പൈതൃകവും സമ്മേളിക്കുന്ന ഡിസൈനുകളിൽ പാരമ്പര്യതനിമ ചോർന്നുപോകാതെ സൂക്ഷിക്കുന്നതിനും പായൽ ശ്രമിച്ചിട്ടുണ്ട്. വസ്ത്രങ്ങൾ മാത്രമല്ല പാദരക്ഷകളും ആഭരണങ്ങളും വീടുകളെ അലങ്കരിക്കുന്നതിനുള്ള വസ്തുക്കളുമെല്ലാം പായൽ തന്റെ ബ്രാൻഡിലൂടെ ആളുകളിലേക്കെത്തിക്കുന്നു.

വിദേശികൾക്കും ഇഷ്ടം
നിരവധി സെലിബ്രിറ്റികൾക്കും പായൽ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ബോളിവുഡിന്റെ പ്രിയം നേടിയ അഭിനേതാക്കളായ ദീപിക പദുക്കോൺ, കരീന കപൂർ ഖാൻ, സോനം കപൂർ, ആലിയ ഭട്ട്, ഷമിത ഷെട്ടി തുടങ്ങി നിരവധിപ്പേരാണ് അക്കൂട്ടത്തിൽ ഇടം പിടിച്ചിട്ടുള്ളത്. വർഷങ്ങൾ നീണ്ട പരിശ്രമങ്ങളിലൂടെയാണ് ഫാഷൻ ലോകത്തിൽ സ്വന്തം ഇടം പായൽ നേടിയെടുത്തത്. അവരുടെ ലേബലിലെ വസ്ത്രങ്ങളുടെ ഓൺലൈൻ കസ്റ്റർമാരിൽ 50 ശതമാനത്തിലധികവും യുഎസിൽ നിന്നുള്ളവരാണ്. വിദേശികൾ പുതുമ നിറഞ്ഞതും സ്റ്റൈലിഷുമായ ഇന്ത്യ വസ്ത്രങ്ങൾക്കായി പായലിനെയാണ് സമീപിക്കുന്നത്.
2003ൽ സിംഗപ്പൂർ ഫാഷൻ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇവരുടെ ബ്രാൻഡ് അതിന്റെ ആദ്യത്തെ അന്താരാഷ്ട്ര പ്രദർശനം നടത്തി. തൊട്ടടുത്ത വർഷം മിയാമി ഫാഷൻ വീക്ക് എന്നറിയപ്പെടുന്ന അമേരിക്കയിലെ ഫാഷൻ വീക്കിൽ പായൽ സിംഗാൾ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഏതാനും വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ബ്രാൻഡുകൾ അന്താരാഷ്ട്ര സ്റ്റോറുകൾ തുറക്കുന്നതിന് വളരെ മുമ്പുതന്നെ പായൽ സിംഗാൾ മാൻഹട്ടനിലെ ഗ്രാമർസി പാർക്കിൽ തന്റെ ആദ്യത്തെ സ്റ്റോർ ആരംഭിച്ചു. ന്യൂജഴ്സിയിലും ബ്രാൻഡ് ഷോറൂം പ്രവർത്തിക്കുന്നുണ്ട്. 2007-ലാണ് പ്രശസ്തമായ ലാക്മേ ഫാഷൻ വീക്കിൽ അരങ്ങേറ്റം കുറിക്കുന്നത്. 2013-ലാണ് ഓൺലൈൻ സ്റ്റോർ ആരംഭിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് ശേഷം പായൽ അവരുടെ ബ്രൈഡൽ ശേഖരം വിപണിയിലെത്തിച്ചു. വലിയ സ്വീകാര്യതയാണ് വിവാഹഡിസൈനുകൾക്ക് ലഭിച്ചത്.
2016-ൽ ദേശായി ഫൗണ്ടേഷനുമായി സഹകരിച്ചാണ് ആഭരണലോകത്തിലേക്ക് എത്തുന്നത്. ട്രാവൽ ബാഗുകൾ, ടൈകൾ, പോക്കറ്റ് സ്ക്വയറുകൾ തുടങ്ങി നിരവധി ബെസ്റ്റ് സെല്ലറുകളാണ് ആഭരണവിഭാഗത്തിലുള്ളത്. ഇതേ വർഷം തന്നെയാണ് ബ്രാൻഡ് അവരുടെ ഇൻ ഹൗസ് മാഗസിനൻ പുറത്തിറക്കുന്നതും. 2018-ൽ പുരുഷൻമാർക്കുള്ള വസ്ത്രങ്ങളും ബ്രാൻഡിലെത്തിച്ചു. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിനെ ഫാഷൻ റാംപിലെത്തിച്ചതും പായലാണ്. സെലിബ്രിറ്റികളായ ഷിബാനി അക്തറിന്റെയും മൗനി റോയിയുടെയും വിവാഹമെഹന്തി ചടങ്ങുകളിൽ ധരിക്കുന്നതിനുള്ള വസ്ത്രങ്ങൾ പായലാണ് ഡിസൈൻ ചെയ്തത്. ഷിബാനിയുടെ മെഹന്ദി ചടങ്ങ് പൂർണമായും പായൽ രൂപകൽപ്പന ചെയ്യുകയും ആസൂത്രണം ചെയ്യുകയും ചെയ്തു. പരമ്പരാഗത വസ്ത്രങ്ങൾക്ക് സമകാലിക പ്രസക്തി നൽകാനാഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നാണ് പായൽ എപ്പോഴും പറയുന്നത്. ഇനിയും പാരമ്പര്യതനിമ നിറയുന്ന വസ്ത്രങ്ങളൊരുക്കുന്നതിനാണ് പായൽ ശ്രമിക്കുന്നതും.