രാഷ്ട്രീയം അല്ല സിനിമ മാത്രമാണ് എന്റെ ജീവിതം
കടലിനക്കരെ ഒരു കരയുണ്ട്… കാടും മലകളുമൊക്കെയുള്ള കര. ആ കരയിലേക്ക് എനിക്ക് പോകണം വാപ്പ.” പഞ്ചാരമണലില്‍ വാപ്പയോട് ചേര്‍ന്നിരുന്ന് കടല്‍ കാണുമ്പോഴെല്ലാം പഴയ മൂന്നാം ക്ലാസുകാരിക്ക് ഇതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. കാടില്ലാത്ത നാട്ടിലിരുന്ന് കാട് കാണാന്‍ മോഹിച്ചവള്‍. പക്ഷേ അവളുടെ സ്വപ്നങ്ങളില്‍ കാട് മാത്രമായിരുന്നില്ല. കടലിനക്കരെയുള്ള കരയിലെ നേരില്‍ കണ്ടിട്ടില്ലാത്ത മനുഷ്യരും നിറഞ്ഞുനിന്നിരുന്നിരുന്നു. അമ്മുക്കുട്ടി ടീച്ചറിലൂടെ, ക്ഷേത്രത്തിലെ പൂജാരിയിലൂടെ അവള്‍ അറിഞ്ഞ മലയാളനാടിനോട് അത്രയേറെ സ്നേഹമായിരുന്നു ആ കുരുന്നിന്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലോളം സ്നേഹം മനസില്‍ നിറച്ച് അവള്‍ ആ സ്വപ്നം സാക്ഷാത്ക്കരിച്ചു. കടലിനക്കരെയുള്ള നാട്ടിലേക്കെത്തിയ അവള്‍ ഇന്ന് ദ്വീപുകാർക്ക് മാത്രമല്ല മലയാളികൾക്കും സുപരിചിതയാണ്.
ഐഷ സുല്‍ത്താന… ലക്ഷദ്വീപിലെ ആദ്യ വനിത സംവിധായക. സിനിമയും മോഡലിങ്ങും പരസ്യകമ്പനിയും എഴുത്തും വായനയുമൊക്കെയാണ് ഇവരുടെ ജീവിതം. സിനിമാക്കാരി മാത്രമാണ് എന്ന് ഐഷ പറയുമ്പോഴും ആ മനസിലൊരു പോരാളി കൂടിയുണ്ട്. ആദ്യ സിനിമ വെളിച്ചം കാണും മുൻപേ ഐഷയിലെ പോരാളിയെ മലയാളികൾ കണ്ടതാണ്.
കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്ന പുതിയ നയങ്ങള്‍ക്കെതിരേ ശബ്ദമുയർത്തിയതിന്റെ പേരിൽ ഐഷ വിവാദങ്ങളിലും വാർത്തകളിലും നിറഞ്ഞു. സ്വന്തം സിനിമയുടെ ജോലികള്‍ പാതിവഴിയില്‍ അവസാനിപ്പിച്ചുള്ള പ്രതിഷേധങ്ങൾക്കിടെയാണ് ഐഷയ്ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത്. കേസും ചോദ്യം ചെയ്യലുകളുമൊക്കെയായിരുന്നു പിന്നീടുള്ള അവരുടെ ദിവസങ്ങൾ. ഇതിനിടയിൽ ആദ്യ സിനിമയും പൂർത്തിയാക്കി. നാളുകൾക്കിപ്പുറം രാജ്യദ്രോഹകേസിൽ ഐഷയ്ക്കെതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
‘ജനിച്ച കാലം തൊട്ട് കാണുന്ന എന്റെ നാടല്ലേ… പടച്ചോന്റെ മനസ് ആണ് ദ്വീപുകാര്‍ക്ക്. നാടിനെക്കുറിച്ച് ആരോട് സംസാരിച്ചാലും അവരുടെ ഹോസ്പിറ്റാലിറ്റിയെക്കുറിച്ചാകും ആദ്യം പറഞ്ഞു തുടങ്ങുന്നത്. ഒരു ദ്വീപില്‍ നിന്ന് മറ്റൊരു ദ്വീപിലേക്ക് ഒരുപാട് തവണ യാത്ര ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ അത്തരം വേളകളില്‍ പരിചയമില്ലാത്തവരുടെ വീടുകളില്‍ താമസിച്ചിട്ടുമുണ്ട്. പക്ഷേ ഒരിക്കലും ആരും വേദനിപ്പിച്ചിട്ടില്ല. അതിഥികള്‍ക്ക് അത്രയേറെ സ്നേഹം വിളമ്പുന്നവര്‍ വേറെയുണ്ടാകില്ല. എന്നോട് മാത്രമല്ല ലക്ഷദ്വീപില്‍ ഒരിക്കലെങ്കിലും വന്നിട്ടുള്ളവര്‍ ഈ സ്നേഹം അറിഞ്ഞിട്ടുണ്ടാകും. ഇതുപോലെ അതിഥികളെ സ്വീകരിക്കുന്നവര്‍ വേറെയുണ്ടാകില്ല. ഞങ്ങളുടെ നാടിന്റെ നന്മയുടെ ഒരു വശം മാത്രമാണിത്. പടച്ചോന്റെ മനസാണ് ദ്വീപുകാര്‍ക്ക്. പൂര്‍ണമായും ഞാനൊരു സിനിമാക്കാരിയാണ്. രാഷ്ട്രീയമൊന്നും എന്റെ വകുപ്പല്ല. പക്ഷേ സത്യത്തിന്റെയും ശരിയുടെയും പക്ഷത്ത് ഉറച്ചുനില്‍ക്കും. ഒരു വിഷയത്തിന്റെ ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം എനിക്കുണ്ട്. ഏതായാലും നാടിനെയും സിനിമയെയും കുറിച്ച് പറഞ്ഞു തുടങ്ങാം അല്ലേ..’ ചെറുചിരിയോടെ ഐഷ സുൽത്താന റാംപ് ആൻഡ് കോംപിനോട് മനസ് തുറക്കുകയാണ്.

അമ്മുക്കുട്ടി ടീച്ചറും
പൂജാരിയും
ചെത്ത്‌ലാത്ത് ദ്വീപിലാണ് ജനിച്ചതെങ്കിലും വളര്‍ന്നതൊക്കെ മിനിക്കോയ് ദ്വീപിലാണ്. ഇവിടെ സർക്കാർ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. വാപ്പയ്ക്ക് സര്‍ക്കാര്‍ ജോലിയായിരുന്നു. ഞങ്ങളുടെ ക്വാര്‍ട്ടേഴ്‌സിന് സമീപം ഒരു ക്ഷേത്രമുണ്ട്. അമ്പലത്തില്‍ നിന്ന് എന്നും മലയാളം പാട്ടുകള്‍ കേള്‍ക്കുമായിരുന്നു. ക്ഷേത്രത്തില്‍ പോകും, പൂജാരിയോട് സംസാരിക്കും. അദ്ദേഹം മലയാളിയാണ്. അങ്ങനെ മലയാളം പഠിച്ചു തുടങ്ങി. അതുമാത്രമല്ല, മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കൊരു മലയാളം ടീച്ചറുണ്ടായിരുന്നു. കേരളത്തില്‍ നിന്നു വന്ന അമ്മുക്കുട്ടി ടീച്ചര്‍. മലയാളം പഠിക്കുന്നതും കേരളത്തെക്കുറിച്ച് അറിയുന്നതും ടീച്ചറിന്റെ വര്‍ത്തമാനങ്ങളില്‍ നിന്നാണ്. ഇവിടെ കാടില്ല, കേരളത്തിൽ കാടുണ്ടെന്ന് പറഞ്ഞു കേട്ടപ്പോ അത്ഭുതമായിരുന്നു. അങ്ങനെയാണ് കേരളത്തിൽ പോകണമെന്നു തോന്നുന്നത്.
ഞങ്ങള്‍ ലക്ഷദ്വീപുകാരുടേത് കടലും കടപ്പുറവുമൊക്കെ നിറയുന്ന കാഴ്ചകളാണ്. കടപ്പുറത്തിരുന്ന് അക്കരെയുള്ള നാടിനെക്കുറിച്ചും കാടിനെക്കുറിച്ചുമൊക്കെ വാപ്പയോട് പറയും. എനിക്കവിടെ പോകണം, എനിക്കവിടെ പഠിക്കണം എന്നൊക്കെ ചെറിയ പ്രായം തൊട്ടേ പറയുമായിരുന്നു. അങ്ങനെയാണ് കേരളത്തിൽ പഠിക്കാനെത്തുന്നത്. പ്ലസ് ടു കോഴിക്കോടും ഡിഗ്രി തിരുവനന്തപുരത്തുമായിരുന്നു. യൂനിവേഴ്സിറ്റി കോളെജിലാണ് മലയാളം ബിരുദത്തിന് ചേർന്നത്.
കോളെജിലെത്തി ഏറെ വൈകും മുൻപേ ടെലിവിഷൻ ചാനലിൽ അവതാരകയായി. കിരണ്‍ ടിവി, ഏഷ്യനെറ്റ്, ജയ് ഹിന്ദ്, കൈരളി, വി ചാനല്‍ ഇവിടങ്ങളിലൊക്കെ ജോലി ചെയ്തു. പിന്നീട് പ്രോഗ്രാം പ്രൊഡ്യൂസറും മോഡലുമൊക്കെയായി. അന്നും ഇന്നും മോഡലിങ്ങിനോട് താത്പ്പര്യമില്ല. അവിചാരിതമായി മറ്റൊരാൾക്ക് പകരക്കാരിയായി മോഡലാകുകയായിരുന്നു. പക്ഷേ ശ്രദ്ധിക്കപ്പെട്ടു. വീണ്ടും അവസരങ്ങൾ ലഭിച്ചു. മോഡൽ എന്ന പേരിൽ തിളങ്ങി നിൽക്കുമ്പോഴാണ് അതൊക്കെ അവസാനിപ്പിച്ച് പരസ്യരംഗത്തേക്കെത്തുന്നത്. ഡിഗ്രിക്ക് ശേഷം കൊച്ചിയിലെത്തി പരസ്യ കമ്പനി ആരംഭിക്കുകയായിരുന്നു.
പരസ്യകമ്പനി നന്നായി പോകുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ചില വേർപാടുകളുണ്ടാകുന്നത്. വാപ്പയും അനിയനും. മാസങ്ങളുടെ വ്യത്യാസത്തിലായിരുന്നു. ആ നഷ്ടപ്പെടലുകൾ വിഷാദത്തിലാക്കി. പരസ്യകമ്പനിയല്ലേ ക്രീയേറ്റീവായി പ്രവർത്തിക്കണമല്ലോ. അതിനു സാധിക്കാതെ വന്നു. നല്ല വർക്ക് ഉള്ള സമയമായിരുന്നുവെങ്കിലും കമ്പനി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നു തോന്നിയെന്നും ഐഷ സുൽത്താന.

സംവിധാനം മാത്രമല്ല
ഇനി നിർമാണവും
മലയാളസിനിമകൾ കണ്ടിട്ടില്ലാത്ത, ചലച്ചിത്രഗാനങ്ങൾ കേട്ടിട്ടില്ലാത്തൊരാൾ. അതായിരുന്നു ഐഷ സുൽത്താന. പക്ഷേ ഇന്ന് സിനിമയാണ് ഐഷയുടെ ലോകം. സ്വന്തമായി കഥയെുതി സംവിധാനം ചെയ്ത ചിത്രം ഉടൻ പ്രേക്ഷകരിലേക്കെത്തും. ആദ്യചിത്രം പുറത്തിറങ്ങും മുൻപേ ഐഷ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചു. സ്വന്തം അനുഭവങ്ങളാണ് 124(A) എന്ന പേരിൽ ഐഷയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ പറയുന്നത്. നിർമാണവും ഐഷ തന്നെയാണ്.
പത്ത് വർഷം മുൻപാണ് ഐഷ സിനിമാലോകത്തിലേക്കെത്തുന്നത്. 2011-ൽ സ്റ്റെപ്സ് എന്ന ശശിശങ്കർ ചിത്രത്തിലൂടെ സഹസംവിധായകയായി സിനിമയിലേക്ക്. ലാൽ ജോസ് സംവിധാനം ചെയ്ത വെളിപ്പാടിന്റെ പുസ്തകത്തിലും പ്രവർത്തിച്ചിട്ടുള്ള ഐഷ അവസാനമായി സഹസംവിധായകയായതു കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലാണ്. ഇതിനൊക്കെ ശേഷമാണ് സ്വതന്ത്ര്യസംവിധാനത്തിലേക്കെത്തുന്നത്.
ഫ്ലഷ് എന്നാണ് ആദ്യ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലക്ഷ്യദ്വീപിന്റെ ആദ്യ സിനിമ, ലക്ഷദ്വീപുകാരിയായ ആദ്യസംവിധായകയുടെ ചിത്രം ഇങ്ങനെ ചില പ്രത്യേകതകളുമുണ്ട്. കുറേ കഷ്ടപ്പാടുകൾ സഹിച്ചാണ് ഈ സിനിമ പൂർത്തിയാക്കിയതെന്നു പറയുന്നു ഐഷ സുൽത്താന. ലക്ഷദ്വീപായിരുന്നു ലൊക്കേഷൻ. ആദ്യദിവസം ഷൂട്ട് കഴിഞ്ഞ് പിറ്റേന്ന് ആ സ്ഥലത്തേക്ക് എത്തുമ്പോൾ അവിടെ 144 പ്രഖ്യാപിച്ചിട്ടുണ്ടാകും. പിന്നെ ചിത്രീകരണജോലികളൊന്നും നടക്കില്ല. ഒന്നും രണ്ടും അല്ല നിരവധി സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യാനാകാതെ മടങ്ങേണ്ടി വന്നിട്ടുണ്ട്.
ദ്വീപിൽ പാർട്ടി ഓഫീസ് ഷൂട്ടിന് പെർമിഷൻ എടുത്തു. പിറ്റേദിവസം അവിടേക്ക് പോകുമ്പോഴാണ് ആ പ്രദേശത്ത് 144 പ്രഖ്യാപിച്ച കാര്യമറിയുന്നത്. പക്ഷേ തോൽക്കാൻ പറ്റില്ലല്ലോ. പഴയൊരു പൊളിഞ്ഞ വീടിന്റെ ഒരു ഭാഗം ഞങ്ങളുടെ കൈയിലുള്ള പെയിന്റ് എടുത്ത് അടിച്ചു ഭംഗിയാക്കിയെടുത്തു ഷൂട്ട് ചെയ്തു. ഇതുമാത്രമല്ല ചില ദിവസങ്ങളിൽ സിനിമയിലെ നായിക അടക്കമുള്ളവർ ചേർന്നാണ് ബ്രേക്ഫാസ്റ്റിനുള്ള ചപ്പാത്തി തയാറാക്കിയത്.
41 പേരടങ്ങുന്ന ക്രൂവായിരുന്നു. ഇവരെല്ലാവരും 15 പേരുടെ പണി ഒറ്റയ്ക്കെടുത്താണ് മുന്നോട്ട് പോയത്. ഇതൊക്കെ വലിയ അനുഭവങ്ങളായിരുന്നു. ഇതൊക്കെ ആലോചിച്ച് ഇപ്പോ ഞാൻ ചിരിക്കും, അന്ന് ചിരിക്കാനാകില്ലായിരുന്നു. സിനിമ പൂർത്തിയാക്കണമെന്ന ആഗ്രഹമാണ് എല്ലാവരെയും ഇങ്ങനെ കഷ്ടപ്പെടാൻ പ്രേരിപ്പിച്ചതും.
ഭക്ഷണം കഴിക്കാതെ വെള്ളം പോലും കിട്ടാതെ വന്ന ദിവസങ്ങളുണ്ടായിരുന്നു. കോവിഡ് കാലം കൂടിയല്ലേ… ജൂനിയർ ആർട്ടിസ്റ്റുകളെ പോലും കിട്ടാതെ വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് വളരെ മോശം സാഹചര്യം തരണം ചെയ്താണ് സിനിമ പൂർത്തിയാക്കിയത്. ഈ പ്രശ്നങ്ങളൊക്കെ അതിജീവിച്ചാണ് ഷൂട്ടിങ് പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്നത്. ഇവിടെ വന്നിട്ട് ഏതാണ്ട് മൂന്നു മാസത്തോളം വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയില്ല. മാനസികമായും ശാരീരികമായും തളർന്നിരുന്നു.
ആശുപത്രി, വിദ്യഭ്യാസം എന്നിവ ഇപ്പോഴും ദ്വീപിൽ ഇല്ലെന്നു പറയാം. ആ പ്രശ്നങ്ങൾക്കൊപ്പം സമൂഹത്തിലെ സ്ത്രീധന വിഷയങ്ങളിൽ ഇല്ലാതാകുന്ന പെൺജീവിതങ്ങളെക്കുറിച്ചും പറയണമെന്നു തോന്നി. ഇതേക്കുറിച്ച് സ്റ്റേജിൽ പ്രസംഗിച്ചാൽ ഒരു പട്ടിക്കുഞ്ഞുപോലും തിരിഞ്ഞു നോക്കില്ല. എന്റെ കർമ മേഖല സിനിമയാണ്. സിനിമയിലൂടെ ബോധവത്ക്കരണം ചെയ്യാനാകുമെന്നു തോന്നി. ഫ്ലഷ് അത്തരമൊരു സിനിമയാണ്. സ്പൂൺ ഫീഡിങ് ചിത്രമല്ല ഓരോ സീനുകളും കണ്ട് പ്രേക്ഷകർ ചിന്തിക്കണം. അങ്ങനെ ചിന്തിക്കുന്ന കാര്യങ്ങൾ ഒരിക്കലും അവരുടെ മനസിൽ നിന്നു മായില്ല. കോഴിക്കോട് നടന്ന മൂന്നാമത് വിമൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിലിൽ ഫ്ലഷ് പ്രദർശിപ്പിച്ചിരുന്നു. ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചതിന് ശേഷം തിയെറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഐഷ പറഞ്ഞു.

ലാൽ ജോസാണ് ഗുരുനാഥൻ
അവതാരകയായി ജോലി ചെയ്യുന്നതിനിടയിലാണ് മലയാള സിനിമാപ്പാട്ടുകളെക്കുറിച്ച് കൂടുതൽ അറിയുന്നത്. സംഗീതവുമായി ബന്ധപ്പെട്ട പരിപാടിയാണ് അവതരിപ്പിക്കുന്നത്. പരിപാടിയിൽ കാണിക്കുന്ന പാട്ടുകളൊക്കെ കണ്ടും കേട്ടും ഇഷ്ടപ്പെട്ടു. ലക്ഷദ്വീപിൽ ഹിന്ദി, കാർട്ടൂൺ ചാനലുകളാണ് ഏറെയും കണ്ടിട്ടുള്ളത്. ടിവി കാണാനുള്ള സമയവുമില്ലല്ലോ. സ്കൂൾവിട്ടു വന്നാൽ നേരെ കടപ്പുറത്തേക്കോടും. അതായിരുന്നു ലോകമെന്നു പറയുന്നു ഐഷ സുൽത്താന.
പാര്‍വതി, ശോഭന, ഉര്‍വശി, രേവതി ഇവരൊക്കെയാണ് ഇഷ്‌ട അഭിനേത്രികൾ. മമ്മൂക്ക, ലാലേട്ടന്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ് ഇവരോടും വലിയ ഇഷ്ടമുണ്ട്. കുട്ടിക്കാലത്ത് കണ്ട സിനിമകളാണ് മണിച്ചിത്രത്താഴത്തും മീശമാധവനും. ചാനലിലെ ഷോയ്ക്ക് വേണ്ടി സിനിമകൾ കണ്ട് കണ്ട് ആവേശമായി. അങ്ങനെയാണ് എന്റെയുള്ളിൽ സിനിമാമോഹം ഉണ്ടെന്നു തിരിച്ചറിയുന്നത്. അഭിനയം അല്ല സംവിധാനം തന്നെയായിരുന്നു പാഷൻ. ലക്ഷദ്വീപുകാരിയായ എന്റെ സിനിമപ്രവേശം നാട്ടിലുള്ളവർക്ക് ഇഷ്ടമായിരുന്നു. പക്ഷേ എന്നെക്കാള്‍ കഴിവുള്ള ഒരുപാട് പേര്‍ ലക്ഷദ്വീപിലുണ്ട്. അവരും ഈ രംഗത്തേക്ക് വരണമെന്നാണ് ആഗ്രഹം. എന്നോടാരും നെഗറ്റീവ് പറഞ്ഞിട്ടില്ല. ഞങ്ങളുടെ കുട്ടി എന്നേ എപ്പോഴും പറയാറുള്ളൂ.
ലാൽജോസാണ് ഗുരുനാഥൻ. ലാല്‍സാര്‍… അതൊരു ബിഗ് സ്‌കൂളാണ്. എന്നെയൊരു പെണ്‍കുട്ടിയെന്ന പരിഗണനയോടെ സാര്‍ കണ്ടിട്ടേയില്ല. എല്ലാവരെയും പോലെ തന്നൊണ് സർ എന്നോടും പെരുമാറിയിട്ടുള്ളൂ. സാറിന്റെ കൂടെ ഒരു ചിത്രത്തില്‍ വര്‍ക്ക് ചെയ്താല്‍ ഒരു 20 സിനിമയില്‍ വര്‍ക് ചെയ്ത എക്‌സ്പീരിയന്‍സ് ആണ്. സഹസംവിധായകിയായി കിട്ടിയ നാളിലെ അനുഭവങ്ങളിൽ നിന്നാണ് സ്വതന്ത്ര്യസംവിധാനത്തിലേക്ക് കടക്കാനുള്ള ധൈര്യം കിട്ടുന്നത്. കഠിനാധ്വാനം ചെയ്താണ് ഇവിടെ എത്തിയത്. അത്രയും കഷ്ടപ്പെട്ടിട്ടാണ് സംവിധായകയുടെ കുപ്പായമണിയുന്നത്.
മലയാളത്തിനോടുള്ള ഇഷ്ടം കൊണ്ടാണിവിടെ പഠിക്കാൻ വന്നതൊക്കെ. പുസ്തകവായനയുണ്ട്. ആടു ജീവിതം ഒന്നിലേറെ തവണ വായിച്ചിട്ടുണ്ട്. മിക്ക സിനിമകളും ആദ്യ ദിവസം തന്നെ കാണും. നല്ലതാണോ മോശമാണോ വിജയിച്ചാതണോ എന്നൊന്നും നോക്കിയല്ല സിനിമകൾ കാണുന്നത്. സിനിമ വളരെ സ്വാധീനിക്കുന്ന മാധ്യമമാണ്. സിനിമകളിലൂടെ പ്രേക്ഷകർക്ക് ഒരു സന്ദേശം നൽകണമെന്നാഗ്രഹിക്കുന്നയാളാണ് സംവിധായക വ്യക്തമാക്കി

പാട്ടിനോടും എഴുത്തിനോടും ഇഷ്ടം
രാഷ്ട്രീയമൊന്നും എന്റെ വകുപ്പേയല്ല. ഞാന്‍ സിനിമാക്കാരിയാണ്. സിനിമ മാത്രമാണ് എല്ലാം. പാര്‍ട്ടി പ്രവര്‍ത്തനം ഒന്നും ഇല്ല. ശരിയുടെയും സത്യത്തിന്റെയും പക്ഷത്ത് എന്നും ഉറച്ച് നില്‍ക്കും. ഒരു വിഷയത്തിന്റെ ശരിയും സത്യവുമൊക്കെ തിരിച്ചറിയാനുള്ള വിവേകം എനിക്കുണ്ട്. വിവാദങ്ങള്‍ വേദനിപ്പിച്ചിട്ടൊന്നും ഇല്ല. ഒരുപാട് ശത്രുക്കളെ കിട്ടി. ഭീഷണികളുമുണ്ട് ഇപ്പോഴും. കടൽ കണ്ട് വളർന്ന നമുക്ക് എന്ത് ഭീഷണി… ഉറക്കമുണരുമ്പോൾ ദ്വീപ് ഉണ്ടോ ഇല്ലയോ എന്നു പോലും തീർച്ചയില്ലാത്ത ലോകത്ത് ജീവിച്ചവരാണ് ഞങ്ങൾ. അങ്ങനെയുള്ള ഞങ്ങളെയാണ് ഭീഷണിപ്പെടുത്താൻ നോക്കുന്നത്. എന്നും നാടിനൊപ്പമാണ്.
കൃത്യസമയത്ത് ഇവാക്വുവേഷൻ നടക്കാതെ ചികിത്സ കിട്ടാതെയാണ് എന്റെ വാപ്പ മരിച്ചത്. വാപ്പ പോയി രണ്ട് മാസം കഴിഞ്ഞപ്പോ അനിയനും മരിച്ചു. ആ സാഹചര്യത്തിലാണ് ഡിപ്രഷൻ അനുഭവിച്ചത്. ഈ മരണങ്ങൾക്ക് ശേഷമാണ് ലക്ഷദ്വീപിലെ ചികിത്സാലഭ്യതകളെക്കുറിച്ചും ആശുപത്രി സൗകര്യങ്ങളെക്കുറിച്ചുമൊക്കെ ചിന്തിപ്പിക്കുന്നത്. അത് മനസിലാക്കിയ ശേഷമാണ് അതിന് വേണ്ടി പോരാടാൻ തുടങ്ങിയത്. അന്ന് അനുഭവിച്ച സങ്കടത്തെക്കാൾ, വാപ്പയെയും അനിയനെയും നഷ്ടപ്പെട്ട വേദനയെക്കാൾ വലുതല്ല ഇപ്പോ അനുഭവിക്കുന്നതൊന്നും.
ജീവനെക്കാൾ സ്നേഹിച്ച രണ്ടുപേരെ ഒരുമിച്ചാണ് നഷ്ടമായത്. എന്ത് സംഭവിച്ചാലും നേരിടാമെന്ന ധൈര്യം ഇപ്പോൾ മനസിനുണ്ട്. ചികിത്സാ കിട്ടാതെയുള്ള വാപ്പയുടെ മരണത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന് കത്ത് അയക്കുകയും കേന്ദ്രത്തില്‍ വരെ പരാതി നൽകുകയും ചെയ്തു. ഇതിന് ഒരു നടപടിയും എടുത്തില്ല. അങ്ങനെയുള്ളവരിൽ വിശ്വാസമില്ലെന്നും ഐഷ.
ഹെല്‍ത്ത് ഫിറ്റനസിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെന്നാണ് ഐഷ സുൽത്താന പറയുന്നത്. കടൽ ഒരു വീക്ക്നെസ് ആണ്, അതുകൊണ്ട് തന്നെ സ്കൂബ ഡൈവ് ചെയ്യാറുണ്ട്. ഭക്ഷണത്തിനോട് വലിയ താത്പ്പര്യം ഇല്ല. രാത്രി ഭക്ഷണം കഴിക്കാറില്ല. വിശപ്പടക്കാൻ മാത്രം ഭക്ഷണം മതിയെന്നാണ് എന്റെ പക്ഷം. പതിവായി വ്യായാമം ചെയ്യുന്ന ശീലവും എനിക്കില്ല.
എനിക്ക് യോജിക്കുന്ന എല്ലാത്തരം വസ്ത്രങ്ങളും ഇഷ്ടമാണ്. സാരിയെന്നോ ചുരിദാറെന്നോ വ്യത്യാസമൊന്നുമില്ല. വസ്ത്രം എനിക്ക് കംഫർട്ട് ആയിരിക്കണമെന്നു മാത്രം. ആ വേഷം ധരിച്ചാൽ കാണാൻ ഭംഗിയുണ്ടാകുമെന്ന് എനിക്ക് തോന്നുന്ന വസ്ത്രങ്ങളോടാണ് ഇഷ്ടം. സൗന്ദര്യസംരക്ഷണ കാര്യങ്ങളൊന്നും ചെയ്യാറില്ല. എന്റെ മുറിയിലിരുന്ന് പാട്ട് കേൾക്കുക, കടലാസും പേനയുമെടുത്തിരുന്ന് എഴുതാനിരിക്കുക ഇതൊക്കെയാണ് ഹോബികൾ. അതിനൊപ്പം കാക്കനാട്ടെ ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ ജനൽ തുറക്കുമ്പോഴെത്തുന്ന പ്രാവുകൾക്ക് തീറ്റ് നൽകുന്നതും ഇപ്പോഴത്തെ വലിയ സന്തോഷങ്ങളിലൊന്നാണ്. ഐഷ സുൽത്താന പറഞ്ഞവസാനിപ്പിച്ചു.