Celebrity Fashion

ദ സ്കൈ ഇസ് നോട്ട് ദ ലിമിറ്റ്

നിങ്ങൾ ഏതു ജോലിയിൽ ആയിക്കൊള്ളട്ടെ ഏത് സാഹചര്യത്തിൽ ആയിക്കൊള്ളട്ടെ, നിങ്ങൾ നിങ്ങളുടെ സ്വപ്നത്തെ മുറുകെ പിടിക്കുന്നുണ്ടെങ്കിൽ അതിനു വേണ്ടി കഠിനപ്രയത്നം കൂടെ ചെയ്‌താൽ ഒരിക്കൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്യും അതിനുവേണ്ടി ഈ പ്രകൃതി തന്നെ നിങ്ങളുടെ കൂടെ നിൽക്കും എന്ന പ്രശസ്ത എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ വാക്കുകൾ എത്ര അർത്ഥവത്താണ്.

 അമ്മയായി കഴിഞ്ഞാൽ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്ന പലരും ഇന്ന് നമ്മുടെ ചുറ്റുമുണ്ട്. മറ്റു പലർക്കും വേണ്ടി വർഷങ്ങൾ ത്യാഗം ചെയ്യുന്നവർക്ക് ഒരു റോൾ മോഡൽ ആക്കാൻ പറ്റുന്ന ഒരാളെ പരിചയപ്പെട്ടാലോ ഡോ.ശ്രീലക്ഷ്മി പ്രദീപ് ആണ് ആ താരം. ഇ എൻ ടി കോസ്മെറ്റോളജിക് സർജനും മിസ്സിസ് മലബാർ വിന്നറും, മിസ്സിസ് കേരള ഗ്ലോബൽ ഫസ്റ്റ് റണ്ണറപ്പും സാമൂഹിക പ്രവർത്തകയും, രണ്ടര വയസ്സുള്ള ഒരു കുഞ്ഞിൻറെ അമ്മയുമായ ശ്രീലക്ഷ്മിയുടെ വിശേഷങ്ങളിലേക്ക് കടക്കാം.

ബ്യൂട്ടി പേജൻ്റ് എന്ന സ്വപ്നം

ചെറുപ്പം മുതൽ ഡാൻസിനോടും പാട്ടിനോടും എല്ലാം ഒത്തിരി ഇഷ്ടമാണ്, പിന്നെ ടിവിയിൽ എല്ലാം പേജന്റ് ഷോസ് കാണുമ്പോൾ അതുപോലെ എല്ലാം നടന്നു നോക്കുമായിരുന്നു, എന്നാൽ നല്ലൊരു അവസരം ഒത്തുവരുന്നത് ഇപ്പോഴാണ്, സ്കൂളിലും കോളേജിലും ഒക്കെ കലാതിലകം ആയിരുന്നു, കൂടാതെ എംബിബിഎസിന് പഠിക്കുമ്പോൾ മലയാളി മങ്കയായിരുന്നു. കൂടാതെ പി ജി ക്കു പഠിക്കുമ്പോൾ ഡോക്ടർസ് ഫാഷൻ ഷോയിൽ കൂടെ പങ്കെടുത്തിരുന്നു. അങ്ങനെയാണ് മിസിസ് മലബാറിലേക്കുള്ള ഓഡിഷനിൽ പങ്കെടുക്കുന്നത്, ഒരാഴ്ചയോളം നീണ്ട ഗ്രൂമിങ് കോഴിക്കോട് ആയിരുന്നു. ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഫൈനലിൽ ഒരുപാട് റൗണ്ട് ഉണ്ടായിരുന്നു ടാലൻറ് റൗണ്ട്, ഇൻട്രൊഡക്ഷൻ റൗണ്ട്, ക്വസ്റ്റ്യൻ ആൻഡ് ആൻസർ റൗണ്ട്, എല്ലാം കഴിഞ്ഞ് ആറ് പേരിൽ ഒരാൾ ആകാനുള്ള ഭാഗ്യം ലഭിച്ചു. പിന്നീട് എല്ലാവർക്കും ഒരു കോമൺ ക്വസ്റ്റ്യൻ തന്നു. ഇപ്പോഴത്തെ മോഡേൺ സ്ത്രീകളെക്കുറിച്ച് വിവരിക്കാൻ ആയിരുന്നു ആ ക്വസ്റ്റ്യൻ. ഒരു വലിയ ഉത്തരമായതിനാൽ ഞാനത് മുഴുവനും ഇവിടെ പറയുന്നില്ല, അതിന്റെ ഉത്തരം ഏകദേശം ഇങ്ങെനെ ആയിരുന്നു ഏതൊരു ജോലിയും അനായാസം ചെയ്യുന്ന, നല്ല മോഡേണും നമ്മുടെ സംസ്കാരത്തെ പുണരാൻ മടിയില്ലാത്ത, പല ജോലികളും ഒരേ സമയത്ത് ഭംഗിയിൽ കൈകാര്യം ചെയ്യുന്ന ഒരു സൂപ്പർ വിമണാണ് മോഡൺ സ്ത്രീ എന്നായിരുന്നു ഞാൻ നൽകിയ ഉത്തരം. അങ്ങെനെ ടൈറ്റിൽ വിന്നർ ആയി, ഇപ്പോൾ മിസ്സിസ് മലബാറും കൂടാതെ മിസിസ് കേരള ഗ്ലോബൽ ഫസ്റ്റ് റണ്ണറപ്പും കൂടി ആയി നിൽക്കുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു, ഇതുവരെ എത്തിച്ചേർന്നതിൽ വളരെ അഭിമാനം. ഇനിയും ഒരുപാട് ദൂരങ്ങൾ സഞ്ചരിക്കാൻ ഉണ്ട്. മിസിസ് യൂണിവേഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെടണം എന്നതാണ് എൻറെ ഏറ്റവും വലിയ അംബീഷൻ

ഒരു ഡോക്ടർ കുടുംബം

പാലക്കാട്ടെ യുമെഡ് എന്ന സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്. ഞങ്ങളുടെ തന്നെ ഹോസ്പിറ്റൽ ആണ് യുമെഡ്, കുറച്ചു മാസങ്ങൾക്ക് മുൻപാണ് ഹോസ്പിറ്റൽ ആരംഭിച്ചത്. അച്ഛൻ ഡോ. പ്രദീപ് ന്യൂറോളജിസ്റ്റ് ആണ്. അമ്മ പുഷ്പലത ഹൗസ് വൈഫ് ആണ്. ഭർത്താവ് അക്ഷയ് ജയപ്രകാശ് ഗ്യാസ്ട്രോ എന്ററോളജിസ്റ് ആയി അവിടെ തന്നെ വർക്ക് ചെയ്യുന്നു. എനിക്ക് രണ്ടര വയസ്സുള്ള ഒരു മോളു കൂടെയുണ്ട് തനുശ്രീ എന്നാണ് മോളുടെ പേര്. ചെറിയ കുട്ടി ആയതുകൊണ്ട് തന്നെ എങ്ങനെയാണ് ഷോയിൽ പങ്കെടുക്കാൻ പറ്റുക എന്നൊക്കെയുള്ള ആശങ്കകൾ ഉണ്ടായിരുന്നു എന്നാൽ എൻറെ കുടുംബം വളരെ നല്ല സപ്പോർട്ട് ആയിരുന്നു. പ്രത്യേകിച്ച് എൻറെ ഹസ്ബൻഡ് സപ്പോർട്ട് പറഞ്ഞറിയിക്കേണ്ടതായിരുന്നു. എന്നെക്കാൾ കൂടുതൽ അദ്ദേഹത്തിന് ആയിരുന്നു താൽപര്യം, ഒരാഴ്ചയോളം ഗ്രൂമിങ് സെഷനായി കോഴിക്കോട് പോകേണ്ടി വന്നിരുന്നപ്പോഴെല്ലാം മോളെ നോക്കാനും ഒപ്പം എനിക്ക് നല്ല സപ്പോർട്ട് തരാനും അദ്ദേഹവും മാതാപിതാക്കളും ആണ് ഒപ്പം ഉണ്ടായിരുന്നത്.

പ്രൊഫഷനും ഫാഷനും

എംബിബിഎസ് കഴിഞ്ഞ് പോസ്റ്റ് ഗ്രാജുവേഷൻ ഇ എൻ ടിയിൽ ആയിരുന്നു ചെയ്തിരുന്നത്, ശേഷം കോസ്മെറ്റോളജിയിൽ സ്പെഷ്യലൈസ് ചെയ്തു. എംബിബിഎസിനു പഠിക്കുമ്പോൾ ആയിരുന്നു വിവാഹം. പിന്നെ പിജി ക്കു പഠിക്കുമ്പോൾ ആണ് മോൾ ജനിച്ചത്, മോള് ജനിച്ചു മൂന്നു മാസമായപ്പോഴായിരുന്നു പിജിയുടെ പരീക്ഷ എന്നാൽ കേരളത്തിൽ ജയിച്ചത് ആകെ രണ്ട് പേരാണ് അതിൽ ഒരാൾ ഞാനായിരുന്നു. പിന്നീട് കോസ്മീറ്റോളജിയിൽ സ്പെഷ്യലെയ്സ് ചെയ്തു ശേഷം ഒരുപാട് തിരക്കിലായി. എന്നാലും എൻറെ പാഷനെ ഞാൻ മുറുകെ പിടിച്ചിരുന്നു. പിന്നെ എൻറെ പ്രൊഫഷനും എൻറെ പാഷൻ ആണ് കേട്ടോ, ഞാൻ എന്ത് ചെയ്യുമ്പോഴും അത് ഒരുപാട് ഇഷ്ടത്തോടെയാണ് ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ ഒന്നും ഒരു ബുദ്ധിമുട്ടായി തോന്നാറില്ല, എല്ലാം ഒരുമിച്ചു കൊണ്ടു പോകാൻ കഴിയുന്നുമുണ്ട്. ആർട്സിലും ഒരുപാട് താല്പര്യമുള്ള ഒരു വ്യക്തിയാണ് ഞാൻ, ഡാൻസും പാട്ടും ഒക്കെ ഒരു വീക്നെസ് ആണ്. കഴിവ് തെളിയിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും പാഴാക്കാറില്ല. ഷോയ്ക്ക് ശേഷം ഒരുപാട് ഓഫറുകൾ വരുന്നുണ്ട്, കുറച്ചു പരസ്യങ്ങളും ഷോകളും ഒക്കെ ചെയ്തുവരുന്നുമുണ്ട്. ഇപ്പോൾ അതിൻറെ എല്ലാം തിരക്കിലാണ്. സിനിമയിൽ നിന്നും ഓഫറുകൾ വന്നിരുന്നു, നല്ല ഒരു അവസരം ഒത്തുവരികയാണെങ്കിൽ തീർച്ചയായും വെള്ളിത്തിരയിൽ അധികം വൈകാതെ കാണാം. ശ്രീലക്ഷ്മി പറഞ്ഞു.

സൺസ്ക്രീൻ നിർബന്ധം

ഒരു കോസ്മെറ്റോളജി സർജൻ ആയതുകൊണ്ട് തന്നെ എന്റെ രീതിയിലുള്ള ചർമ സംരക്ഷണം ആണ് ഞാൻ ചെയ്യാറുള്ളത്. പണ്ടെല്ലാം നാടൻ രീതികൾ പരീക്ഷിക്കുമായിരുന്നു, എന്നാൽ ഇന്ന് അതിനൊക്കെ മാറ്റം വരുത്തി, ദിവസവും ഉറക്കമുണരുന്നത് മുതൽ ചെയ്യുന്ന ചർമ സംരക്ഷണവും കേശ സംരക്ഷണവും ഉണ്ട്. ഉറക്കമുണർന്നാൽ മോയ്സ്ചറൈസർ മുഖത്ത് പുരട്ടും, ശേഷം ഒരു സൺസ്ക്രീൻ ലോഷനും മുഖത്ത് പുരട്ടാറുണ്ട്. അത് ദിവസവും ഞാൻ ചെയ്യാറുള്ള ഒരു കാര്യമാണ്. കൂടാതെ എണ്ണപ്പലഹാരങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. ഒപ്പം തന്നെ വ്യായാമവും യോഗയും ചെയ്യാൻ മറക്കാറില്ല. എത്ര തിരക്കായാലും അരമണിക്കൂറെങ്കിലും യോഗയ്ക്കും വ്യായാമത്തിനും സമയം കണ്ടെത്തും. പിന്നെ രാത്രി ഭക്ഷണം നേരത്തെ കഴിക്കുകയാണ് പതിവ്. പ്രത്യേകിച്ച് ഇഷ്ട ഭക്ഷണം എന്നൊന്നില്ല എന്നാൽ ഹെൽത്തി ഫുഡ്സ് ആണ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്

ഓണം യൂ മെഡിനൊപ്പമായിരുന്നു

സാധാരണ ഓണം എന്നും വീട്ടിൽ കുടുംബക്കാരോടൊപ്പമാണ് ആഘോഷിക്കാറുള്ളത്. സദ്യയും പൂക്കളവുമിട്ട് സാധാരണ എല്ലാവരെയും പോലെയാണ് ഓണം ഞങ്ങളുടേതും. എന്നാൽ ഇത്തവണത്തെ ഓണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു, ഹോസ്പിറ്റൽ തുടങ്ങിയ അധികനാൾ ആയിരുന്നില്ല അതുകൊണ്ട് ഇത്തവണത്തെ ഓണം അവിടെയുള്ള സ്റ്റാഫിനൊപ്പം ആയിരുന്നു ആഘോഷിച്ചിരുന്നത്.

സ്വപ്നം കാണൂ സ്വപ്നം യാഥാർത്ഥ്യമാക്കൂ

മുതിർന്ന പെൺകുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്, ഹൈജീൻ അഥവാ വൃത്തിക്ക് ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്നുള്ള ക്ലാസുകൾ ആണ് എടുക്കാറുള്ളത്. ഇപ്പോഴത്തെ പെൺകുട്ടികൾക്കും വിവാഹിതരായ സ്ത്രീകളോടും എനിക്ക് ഒന്നേ പറയാനുള്ളൂ, വിവാഹം കഴിഞ്ഞാൽ ഡ്രീംസ് എല്ലാം അവസാനിച്ചു എന്നാണ് പലരുടെയും ധാരണ, എന്നാൽ അങ്ങനെയല്ല പാഷൻ ഉണ്ടെങ്കിൽ അത് എന്തായാലും നേടിയെടുക്കാൻ ആകും. സ്വപ്നങ്ങളെ പിന്തുടരുക അത് നിങ്ങളിൽ എത്തിച്ചേരുക തന്നെ ചെയ്യും. പിന്നെ ഒന്നുകൂടെ പറയട്ടെ, ഞാൻ പലപ്പോഴും കേൾക്കാറുണ്ട് വിവാഹിതരായ സ്ത്രീകൾ വ്യക്തിജീവിതത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് പ്രത്യേകിച്ച് കുഞ്ഞായാൽ ജോലിയൊക്കെ ഉപേക്ഷിച്ചു വീട്ടിൽ തന്നെ ഒതുങ്ങി കൂടണം എന്നൊക്കെ. പക്ഷെ ഞാനൊന്നു പറയട്ടെ, ഇപ്പോൾ എന്റെ മകൾക്കായാലും അവൾ ഒരിക്കലും എന്റെ അമ്മ ഏല്ലാം ത്യജിച്ച്, അമ്മയുടെ സ്വപ്നങ്ങളെയെല്ലാം ഉപേക്ഷിച്ചുള്ള ഒരാളാണ് എന്നല്ല എന്റെ മകൾ എന്നെ പറ്റി ഓർക്കേണ്ടത്. പകരം എന്റെ  അമ്മ അവരുടെ  എല്ലാ ആഗ്രഹങ്ങളും നേടിയെടുത്ത അല്ലെങ്കിൽ നേടിയെടുക്കാൻ ശ്രമിക്കുന്ന ഒരാളാണ് എന്നാണ് അവള് മനസ്സിലാക്കേണ്ടത്. എന്നാലേ അവൾക്കും അവളുടെ സ്വപ്നങ്ങളുടെ പുറകെ പോകാൻ സാധിക്കൂ, പിന്നെ ഒരു സ്ത്രീ വിവാഹം കഴിഞ്ഞാലും അവളുടെ സ്വപ്നങ്ങൾക്ക് പുറകെ പോകുന്നുണ്ടെങ്കിൽ, അവൾ തീർച്ചയായും സാന്തോഷവദിയായിരിക്കും അത് ജീവിതത്തിലെ ഏല്ലാം കാര്യങ്ങളിലും പ്രദിഫലിക്കുകയും ചെയ്യും, അപ്പോഴല്ലേ ആ കുടുംബവും സന്തുഷ്ടമാകൂ. അത്രമേൽ അർത്ഥവത്തായ വാക്കുകൾ അല്ലെ..?ശ്രീലക്ഷ്മി തിരക്കിലാണ് നവംബറിൽ ന‌‌ടക്കുന്ന മിസ്സിസ് ഇന്ത്യ കൂടാതെ ഒട്ടനവധി ഷോകൾ, പരസ്യങ്ങൾ, സിനിമകൾ എല്ലാം ശ്രീലക്ഷ്മിയെ കാത്തിരിക്കുന്നു. ഇനി മിസ്സിസ് യൂണിവേഴ്സ് വരെ എത്താനാകും എന്ന ശുഭപ്രതീക്ഷയിലാണ് ശ്രീലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *