സാറാ ബർട്ടൻ എന്ന ഇംഗ്ലീഷ് ഫാഷൻ ഡിസൈനർ
ലണ്ടൻ എന്ന മഹാ നഗരത്തിലെ മാക്‌സിലേഫീൽഡ് എന്ന കൊച്ചു കച്ചവട ഗ്രാമത്തിലെ ഡയാനയുടെയും ആന്റണിയുടെയും അഞ്ചുമക്കളിലൊരാൾ. അവളുടെ പേര്ണ് സാറ ജെയിൻ ബർട്ടൺ… മിടുക്കിയായിരുന്നു ഈ കൊച്ചു പെൺകുട്ടി. വർണശബളമായ കുട്ടിക്കാലമായിരുന്നു സാറയുടേത്. നിറങ്ങളെ ഇഷ്ടപ്പെട്ടിരുന്ന, പുതുമകളെ സ്വീകരിക്കാനിഷ്ടപ്പെട്ടിരുന്ന അവൾ ഇന്ന് ലോകമറിയുന്ന ഒരു ഫാഷൻ ഡിസൈനർ ആണ്. ഇംഗ്ലീഷ് ഫാഷൻ ഡിസൈനർ സാറ ഇന്ന് ഇംഗ്ലണ്ടിലെ വസ്ത്ര ശേഖരങ്ങളുടെ കമ്പനിയായ മക് ക്വീൻസിൻറെ ക്രിയേറ്റീവ് ഡയറക്റ്റർ കൂടിയാണ്.

ഫാഷൻ ഡിസൈനർലേക്കുള്ള യാത്ര
1974-ൽ ആയിരുന്നു സാറയുടെ ജനനം. പ്രൈമറി വിദ്യാഭ്യാസം ഇംഗ്ലണ്ടിലെ വിതിങ്ടൺ ഗേൾസ് സ്കൂളിൽ ആയിരുന്നു. ശേഷം ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ എന്ന സ്ഥലത്തുനിന്നും ആർട്ട് ഫൌണ്ടേഷൻ കോഴ്സ് ചെയ്തു. പിന്നീട് സെൻട്രൽ സെയ്ന്റ് മാർട്ടിൻസ് കോളേജ് ഓഫ് ആർട്സ് ഡിസൈനിൽ നിന്നും പ്രിന്റ് ഫാഷൻ എന്ന കോഴ്സ് ചെയ്യുകയും പഠനത്തിൻറെ മൂന്നാം വർഷ കാലയളവിൽ തന്നെ ലണ്ടനിലെ മക് ക്യുൻസ് എന്ന വസ്ത്ര വ്യാപാര കമ്പനിയിൽ താൽക്കാലിക ജോലിയിൽ പ്രവേശിക്കുകയായിരുന്നു സാറ.
പിന്നീട് 1997-ൽ മക് ക്യുൻസ് കമ്പനി സ്ഥാപകനായ മക് ക്യുൻസിന്റെ പഴ്സണൽ അസിസ്റ്റന്റ് ആയി സാറയെ സ്ഥിരപ്പെടുത്തി. 2000-ത്തിൽ മക് ക്യുൻസ് വനിതാ ശേഖരണത്തിന്റെ തലവനായി സാറ ചുമതലയേറ്റു. ആ സമയങ്ങളിൽ പ്രഥമ വനിത മിഷേൽ ഒബാമ ( മുൻ അമേരിക്കൻ പ്രസിഡന്റിലെ പത്നി ), കാതറിൻ എലീസ് ബ്ലാഞ്ചെട് ( ഓസ്‌ട്രേലിയൻ അഭിനേത്രിയും സംവിധായികയും), ലേഡി ഗാഗ (അമേരിക്കൻ പ്രശസ്ത ഗായിക), ഗൈനെത് പാൾട്രോ( അമേരിക്കയിലെ പ്രശസ്ത അഭിനേത്രി ) തുടങ്ങിയവർക്കുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനും സാറക്ക് കഴിഞ്ഞു.
2010-ൽ മക് ക്വീൻ സ്ഥാപകനും ഉടമയുമായ മക് ക്വീൻറെ കാല ശേഷം കമ്പനിയുടെ ക്രീയേറ്റീവ് ഡയറക്റ്റായി സാറയെ ചുമതലപ്പെടുത്തി. ആ വർഷം തന്നെ സെപ്റ്റംബറിൽ മക്ക്വീൻറെ ആദ്യ വനിതാ വസ്ത്ര ശേഖരണത്തിന്റെ പ്രദർശനം ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ പ്രദർശിപ്പിച്ചു. പ്രദർശനം ശ്രദ്ധിക്കപ്പെട്ടു. ഇതിനു ശേഷം സാറയുടെ യാത്ര പ്രശസ്തിയിലേക്കായിരുന്നു.

കരിയറിലെ വഴിത്തിരിവ്
ഡയാന രാജകുമാരിയെയും ചാൾസ് രാജകുമാരനെയും അറിയാത്തവരായി ആരും ഉണ്ടാകില്ല അല്ലേ. ഇവരുടെ മകൻ വില്യമിന്റെ വിവാഹത്തിന് വധു കാതറിന്റെ വസ്ത്രം ഡിസൈൻ ചെയ്തത് സാറയായിരുന്നു. കാതറിന്റെ വിവാഹ വസ്ത്രങ്ങൾ വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീട് സാറയുടെ വസ്ത്രങ്ങൾ തേടി പല പ്രമുഖരും എത്തി തുടങ്ങി. പ്രശസ്ത എഴുത്തുകാരനായ ടോം പാർക്കർ ബൗൾസിന്റെ വധുവും ഫാഷൻ ജേണലിസ്റ്റുമായ സാറ ബേസിനു വേണ്ടി വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതാണ് തന്റെ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായത് എന്നാണ് സാറ പറയുന്നത്. പിന്നീട് 2011-ൽ സാറ ബർട്ടനെ ബ്രിട്ടീഷ് ഫാഷൻ കൗൺസിൽ ഡിസൈനർ ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു. ലണ്ടനിലെ സെന്റ് ജോൺസ് വുഡ് നഗരത്തിൽ ഭർത്താവായ ഫാഷൻ ഫോട്ടോഗ്രാഫർ ഡേവിഡ് ബർട്ടനും മൂന്നു മക്കൾക്കുമൊപ്പമാണ് സാറ ജീവിക്കുന്നത്.

അവാർഡുകളും ആദരങ്ങളും
2011 നവംബർ 28-ന്, ബ്രിട്ടീഷ് ഫാഷൻ അവാർഡുകളിൽ സാറാ ബർട്ടന് ഡിസൈനർ ഓഫ് ദി ഇയർ അവാർഡ് നൽകി. 2012 ജൂലൈയിൽ, ബർട്ടൺ മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓണററി ബിരുദം നേടി. പിന്നീട് ബ്രിട്ടീഷ് ഫാഷൻ വ്യവസായത്തിലെ സേവനങ്ങൾക്കായി 2012-ലെ ജന്മദിന ബഹുമതികളിൽ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയറിന്റെ (OBE) ഓഫീസറായി ബർട്ടനെ നിയമിച്ചു. 2019 ജൂണിൽ, കൗൺസിൽ ഓഫ് ഫാഷൻ ഡിസൈനേഴ്‌സ് ഓഫ് അമേരിക്കയുടെ വാലന്റീനോ ഗരാവാനി, ജിയാൻകാർലോ ജിയാമ്മെറ്റി ഇന്റർനാഷണൽ അവാർഡ് ബർട്ടന് ലഭിച്ചു. 2019 നവംബറിൽ, ബ്രിട്ടീഷ് ഫാഷൻ കൗൺസിൽ ബർട്ടണിന് ട്രെയിൽബ്ലേസർ അവാർഡ് നൽകി ആദരിച്ചു. ഇന്നും പൂർണ്ണ ആരോഗ്യവതിയായി ഫാഷൻ മേഖലയിൽ സജീവമായി ബർട്ടൻ ജീവിക്കുന്നു.