Boutiques&Fashion Stores

ബിസിനസുകാരിയിലേക്കുള്ള യാത്ര അത്ര ലളിതമല്ലെന്നു പറയുന്നു പ്രജിന ജാനകി

പുരാണകഥകളും പൂക്കളും ചിത്രങ്ങളും കായ്കളും ഇലകളുമൊക്കെ നിറയുന്ന കലംകാരിയോട് മലയാളികൾക്ക് ക‌ടുത്ത പ്രണയം തോന്നിയൊരു കാലമുണ്ട്. സാരിയിലും ദുപ്പട്ടയിലും കലംകാരി ചന്തം നിറഞ്ഞിരുന്ന നാളുകൾ‍. കലംകാരിയോട് കൂട്ടുകൂടാൻ പ്രായമൊന്നും പരിമിതിയുടെ വരയൊന്നും വരച്ചുമില്ല.

ഇന്നും കലംകാരി പ്രേമികളേറെയുണ്ട്. ആ കലംകാരിയെ മലയാളികൾക്ക് സുപരിചതയാക്കിയൊരാളുണ്ട്. എന്നാൽ കലംകാരി മാത്രമല്ല അജ്റകിനെയും സെലിബ്രിറ്റികൾ അടക്കമുള്ളവർ കൊതിയോടെ ചേർത്തുന്നതിന് പിന്നിൽ ആ കോഴിക്കോട്ടുകാരിയാണ്. ക്ലും എന്ന ബൊട്ടീക്കിന്റെ സ്ഥാപക പ്രജിന ജാനകി…

കുട്ടിക്കാലം തൊട്ടേ മനസ് നിറയെ ഡിസൈനിങ്ങിനോടും വസ്ത്രങ്ങളോടും ഇഷ്ടമുണ്ടായിരുന്നു. ഇഷ്ടം മാത്രമല്ല ഡിസൈനിങ്ങിനോട് പാഷൻ മാത്രമായിരുന്നു. നിരവധി സെലിബ്രറ്റികളുടെ പ്രിയപ്പെട്ട ബൊട്ടീക്ക് ആണ് ക്ലും. മോളിവുഡിൽ മാത്രമല്ല കോളിവുഡിലും ബോളിവുഡിലുമൊക്കെ ക്ലുമ്മിന്റെ അജ്റക് കുർത്തിയും ചുരിദാറുമൊക്കെ കണ്ടുമുട്ടിയേക്കാം.

ക്ലും ഈ പേരിൽ പോലും കൗതുകം നിറഞ്ഞിരുപ്പില്ലേ. എന്നാൽ കാതുകങ്ങൾ മാത്രമല്ല പുതുമയും നിറഞ്ഞതാണ്. കുറഞ്ഞ നാളുകൾക്കുള്ളിൽ ടെക്സ്റ്റൈൽ മേഖലയിലെ മുൻനിര ബ്രാൻഡുകളിലൊന്നായി മാറിയ ക്ലുമ്മിന്റെ പേരിനെക്കുറിച്ച് തന്നെ പറഞ്ഞു തുടങ്ങുകയാണ് ക്ലുമ്മിന്റെ അമരക്കാരി പ്രജിന ജാനകി.

വ്യത്യസ്തതയിലാണ് വിജയം

മലയാളവാക്കിൽ തന്നെ ബ്രാൻഡ് ചെയ്യപ്പെടണമെന്ന നിർബന്ധമുണ്ടായിരുന്നു. അതിനൊപ്പം ഒരു പുതുമ നിറഞ്ഞ റിഫ്രഷിങ് ഫീൽ നൽകുന്നതാകണമെന്നും തോന്നി. അങ്ങനെയാണ് ക്ലൂം എന്ന പേരിടുന്നത്. ബൊട്ടീക്ക് ആരംഭിച്ച് നാലര വർഷം പിന്നിട്ടു, എന്നാൽ ആദ്യമായി ഷോപ്പിലേക്ക് വരുന്ന ഓരോ കസ്റ്റമറുടെയും ആദ്യ ചോദ്യം ക്ലും എന്ന പേരിടാൻ എന്താ കാരണമെന്നാണ്. ഒരു തവണ കേട്ടാൽ പിന്നെ ഈ പേര് അത്ര പെട്ടെന്ന് മറക്കില്ലല്ലോ.

പെട്ടെന്നു ദിവസം ഈ രംഗത്ത് വന്നതല്ല, കുട്ടിക്കാലം തൊട്ടേ ഡിസൈനിങ്ങ് മനസിലുണ്ടായിരുന്നു. എന്റെ പാഷനായിരുന്നു ഡിസൈനിങ്. കുട്ടിക്കാലത്ത്, അയൽവീടുകളിലെ തയ്ക്കുന്ന ചേച്ചിമാർക്ക് തുണി നൽകി ഞാൻ തന്നെ ഡിസൈൻ പറഞ്ഞു കൊടുത്ത് തയ്പ്പിച്ചെടുക്കുമായിരുന്നു. സിനിമകളിലൂടെയും മാഗസിനുകളിലൂടെയുമൊക്കെയാണ് ഡിസൈൻ മനസിലാക്കുന്നത്. എന്നാൽ പഠിച്ചത് സോഷ്യോളജി. പി ജി പൂർത്തിയാക്കും മുൻപേ ജോലിക്ക് കയറി, ഹെഡ്ജ് ഇക്വറ്റീസിലായിരുന്നു. ജോലി രാജിവച്ച് ഈ രംഗത്തേക്ക് ഇറങ്ങി. ഇതിനൊക്കെ ശേഷം ആറുമാസത്തെ കോസ്റ്റ്യൂം ഡിസൈനിങ്ങ് കോഴ്സ് പഠിച്ചിട്ടുമുണ്ടെന്നും പ്രജിന ജാനകി പറഞ്ഞു.

കോഴിക്കോട് താമരശ്ശേരി മൈക്കാവിലായിരുന്നു ക്ലുമ്മിന്റെ ആദ്യ സ്റ്റോർ. കലംകാരി തുണിത്തരങ്ങൾ മാത്രം ലഭ്യമാകുന്ന ബൊട്ടീക്ക് ആരംഭിച്ചതിനു കാരണം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കണമെന്ന നിർബന്ധം തന്നെയായിരുന്നു. വ്യത്യസ്തതയിലാണ് വിജയമെന്ന് പ്രജിന വിശ്വസിക്കുന്നു. മാത്രമല്ല കോട്ടൺ വസ്ത്രങ്ങളായിരുന്നു ഇവർക്കും താത്പ്പര്യം. തന്നെപ്പോലെ കോട്ടൺ പ്രിന്റ്സിലുള്ള വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്നവരുണ്ടാകുമെന്ന വിശ്വാസത്തിലാണ് കലംകാരിക്ക് മാത്രമായി ക്ലൂം ആരംഭിക്കുന്നത്.

കലംകാരിയുടെ എക്സ്ക്ലൂസീവ് ഷോപ്പിന് വലിയ സ്വീകാര്യത ലഭിച്ചു. ആ ധൈര്യത്തിലാണ് ക്ലൂമ്മിന്റെ മറ്റൊരു സ്റ്റോറിന് കോഴിക്കോട് ടൗണിൽ തുടക്കം കുറിക്കുന്നത്. കലംകാരി വസ്ത്രങ്ങൾ സിനിമകളിലൊക്കെ അഭിനേതാക്കൾ ധരിച്ചു തുടങ്ങിയതോടെ കേരളത്തിൽ വലിയ വിപണി ലഭിച്ചു.

ആദ്യനാളിൽ സ്വന്തമായി പ്രൊഡക്ഷൻ യൂനിറ്റ് ഇല്ലായിരുന്നു. പിന്നീട് പ്രധാനമന്ത്രി യോജന ലോൺ എടുത്താണ് യൂനിറ്റ് തുടങ്ങുന്നത്. ബിസിനസിൽ പിന്തുണയേകി പാർട്ണർ ഷൈജലും പ്രജിനയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഈ സംരംഭത്തിന് വേണ്ടി ഭാഷ പോലും അറിയാത്ത നാടുകളിലൂടെ നിരവധി യാത്രകൾ വേണ്ടി വന്നു. എന്റെ പാഷന് ജീവൻ നൽകാനായതും ഷൈജലിന്റെ കൂടി പിന്തുണയുള്ളത് കൊണ്ടാണെന്നും പ്രജിന.

ഫാബ്രിക് സ്റ്റോർ തുടങ്ങിയതിന് ശേഷമാണ് ഒന്ന് മുതൽ 15 വരെ പ്രായമുള്ള പെൺകുട്ടികൾക്കായി കിഡ്സ് സ്റ്റോർ ആരംഭിക്കുന്നത്. ക്ലും ബൈ പ്രജിന ജാനകി എന്ന പേരിൽ എക്സ്ക്ലൂസീവ് ഡിസൈൻസ് മാത്രമ‌ടങ്ങിയ ഒരു ഷോപ്പ് തുടങ്ങി. കോഴിക്കോട് മാത്രം ക്ലുമ്മിന് മൂന്ന് സ്റ്റോറുകളുണ്ട്. കഴിഞ്ഞ ഒക്റ്റോബറിൽ കൊച്ചിയിലെ പനമ്പിള്ളി നഗറിലും ക്ലും ആരംഭിച്ചു.

കലംകാരിയിൽ നിന്ന് അജ്റകിലേക്ക്

കലംകാരി പോലെ അജ്റക് പ്രിന്റ് ട്രെൻ‍ഡ് സെറ്ററാക്കിയതിന് പിന്നിലും ക്ലും തന്നെയാണെന്നു പറയാം. കലംകാരിക്ക് പകരം അജ്റ്ക് ആണ് ഇപ്പോൾ താരം. കലംകാരി തുണികൾക്ക് വേണ്ടി ആദ്യനാളുകളിൽ ആന്ധ്രപ്രദേശിലേക്കായിരുന്നു പ്രജിനയുടെ യാത്രകൾ. വെജിറ്റബിൾ ഡൈ ലഭിക്കുന്ന മച്ചിലിപ്പട്ടണത്തേക്കായിരുന്നു ആദ്യമൊക്കെ പോയിരുന്നത്. പിന്നീട് ഒരുപാട് യാത്രകൾ ചെയ്തു. ഇപ്പോൾ ഗുജറാത്തിലെ കച്ചിൽ ക്ലുമ്മിന് സ്വന്തമായൊരു യൂനിറ്റ് ഉണ്ട്. എല്ലാ പ്രൊഡക്ഷൻ ജോലികളും കച്ചിലാണ് ചെയ്യുന്നത്.

കുർത്തികളാണ് കൂടുതലെങ്കിലും സാരിയും ദുപ്പട്ടയും സ്റ്റോളും വെസ്റ്റേൺ ഔട്ട്ഫിറ്റ്സുമൊക്കെ ക്ലുമ്മിൽ ലഭ്യമാണ്. ഭാരമേറിയ വർക്കുകളാൽ നിറഞ്ഞ പാർട്ടിവെയറുകൾക്ക് പകരക്കാരിയ കലംകാരിയിലും അജ്റക്കിലുമൊക്കെയുള്ള പാർട്ടിവെയറുകളും ഇവിടുണ്ട്. കോട്ടൺ പാർട്ടിവെയറുകൾ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്. കോട്ടൺ വസ്ത്രങ്ങൾ വളരെ ലളിതമായി ധരിക്കാവുന്നവയാണ്. എന്നാൽ ക്ലും കോട്ടൺ മെറ്റീരയലുകൾക്ക് പാർട്ടിവെയർ ഡിസൈൻ ചെയ്തു റിച്ച് ലുക്ക് നൽകിയത് ശ്രദ്ധിക്കപ്പെട്ടു. ഹാൻഡ് വർക് ചെയ്താണ് ഇവയെ അതിസുന്ദരമാക്കിയത്.

ഒരു പ്രിന്റിൽ നൂറോളം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന പതിവ് ഇല്ലെന്നതാണ് ക്ലുമ്മിന്റെ വലിയ പ്രത്യേകതയെന്നു പ്രജിന പറയുന്നു. ഒരൊറ്റ ഡിസൈൻ മാത്രമേയുണ്ടാകൂ. കസ്റ്റമർ ആവശ്യപ്പെടുന്ന പ്രിന്റിൽ അവർക്ക് ഇഷ്ടപ്പെട്ട നിറം ഡൈ ചെയ്തു ഡിസൈൻ ചെയ്യുകയാണ് പതിവ്. ഇങ്ങനെ പ്രത്യേകം ആവശ്യപ്പെടുന്നവരോട് ഒന്നു മാത്രമേ പറയൂ… കുറച്ചു സമയം വേണംന്ന്. ഡൈ ചെയ്യുന്നതിനും ഡിസൈനിങ്ങിനുമൊക്കെയായി 20 മുതൽ 25 ദിവസം വേണ്ടി വരും.

സാധാരണ കടകളിലേതു പോലെ ഒരു വസ്ത്രത്തിന്റെ എക്സൽ, മീഡിയം, ലാർജ് എന്നിങ്ങനെ വ്യത്യസ്ത അളവുകളിൽ ക്ലുമ്മിൽ നിന്നൊരു ചുരിദാറോ കുർത്തയോ കിട്ടില്ല. ഫ്രീ സൈസ് വസ്ത്രങ്ങളാണുള്ളത്. കസ്റ്റമറുടെ ആവശ്യത്തിനനുസരിച്ച് അളവ് ക്രമീകരിച്ച് കൊടുക്കും. ഒരു ഡിസൈനിൽ ഒരൊറ്റ പീസ് മാത്രമേ ക്ലുമ്മിൽ കാണൂ. മറ്റൊന്നും കൊണ്ടല്ല, ഇപ്പോഴത്തെ ട്രെൻഡ് ഇതാണ്. മറ്റുള്ളവരിൽ നിന്നു വ്യത്യസ്തരായി നിൽക്കാനാണ് ഏറെപ്പേരും ഇഷ്ടപ്പെടുന്നതെന്നും അവർ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച്

ബിസിനസിലും ഡിസൈനിങ്ങിലുമൊന്നും മുൻപരിചയങ്ങളൊന്നുമില്ലാതെയാണ് പ്രജിന സംരംഭകയാകുന്നത്. എന്നാൽ ക്ലുമ്മിന്റെ വിജയത്തിന് എക്സ്ബിഷനുകൾ സഹായിച്ചിട്ടുണ്ടെന്നു അവർ പറയുന്നു. കൊച്ചിയിൽ സ്റ്റോർ ആരംഭിക്കുന്നതിന് പ്രേരണയായതു എക്സ്ബിഷനുകളാണ്. ഒരു മാസം കടയിൽ വരുന്നതിനെക്കാളേറെ ആളുകളാണ് പ്രദർശനങ്ങളിൽ കണ്ടുമുട്ടുന്നത്.

മാത്രമല്ല എവിടെ ജോലി ചെയ്താലും ചെറിയൊരു മടുപ്പ് ഇടയ്ക്ക് വരുമല്ലോ. പക്ഷേ പ്രദർശനം നടക്കുമ്പോൾ നിൽക്കാനോ ഇരിക്കാനോ എന്തിനേറെ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ പോലും സമയമുണ്ടാകില്ല. ക്ഷീണമൊന്നും ഫീൽ ചെയ്യുകയുമില്ല. അതിന് ഒറ്റ കാരണമേയുള്ളൂ പാഷനാണ് എന്നത്. ആ ഒരു ഫയർ ഉള്ളിലുണ്ടെങ്കിൽ നമ്മളെ ഒന്നിനും തോൽപ്പിക്കാൻ പറ്റില്ല.

ഏത് ബിസിനസ് ആണെങ്കിലും ബുദ്ധിമുട്ടുകളും പ്രതിസന്ധികളുമൊക്കെ നേരിടേണ്ടി വരുമെന്നാണ് പുതുതായി സംരംഭകരാകാനാഗ്രഹിക്കുന്നവരോട് പ്രജിനയ്ക്ക് പറയാനുള്ളത്. ബിസിനസ് വുമൺ എന്ന് പറയാനും കാണാനുമൊക്കെ സുഖമായിരിക്കും. പക്ഷേ വിവാഹിതയായ കുട്ടികളുള്ള സ്ത്രീയെ സംബന്ധിച്ച് ബാലൻസിങ് ചെയ്യേണ്ട കാര്യമാണ്. ഭർത്താവ് അജേഷ് ഗൾഫിലാണ്. ഒരു മകളുണ്ട്, അനൗഷ്ക.

എന്റെ അമ്മ മോളെ നോക്കിയത് കൊണ്ട് മാത്രമാണ് ബിസിനസ് ചെയ്യാൻ സാധിച്ചത്. ബിസിനസ് ചെയ്യുന്നൊരാൾക്ക് മക്കളുടെ കാര്യം വലിയ പ്രതിസന്ധി തന്നെയാണ്. അതുകൊണ്ടു തന്നെ കഴിവും ആഗ്രഹവുമൊക്കെയുള്ള നിരവധി സ്ത്രീകൾ ബിസിനസ് രംഗത്തേക്ക് വരാതെ മാറി നിൽക്കുന്നുണ്ട്. അക്കാര്യത്തിൽ എനിക്ക് ദൈവാനുഗ്രഹമുണ്ടായി. എന്റെ അമ്മ ആരോഗ്യത്തോടു കൂടിയുള്ളത് കൊണ്ടു മോളെ നോക്കാൻ ആളായി. അതൊരു ആശ്വാസമായിരുന്നുവെന്നും പ്രജിന.

കോവിഡ് പ്രതിസന്ധികൾ ക്ലുമ്മിനെയും ബാധിച്ചിട്ടുണ്ട്. പക്ഷേ ആ നാളുകളിൽ ഓൺലൈൻ വിൽപ്പനയാണ് സഹായിച്ചത്. ഇന്ത്യൻ പോസ്റ്റൽ സർവീസ് പ്രവർത്തിച്ചിരുന്നതിനാൽ വസ്ത്രങ്ങളൊക്കെ അയക്കാനും സാധിച്ചു. കൊറോണയ്ക്ക് മുൻപ് സ്റ്റോറും വിവിധ എക്സ്ബിഷനുകളുമായിരുന്നു പ്രധാനം.

എന്നാൽ ഓൺലൈൻ ബിസിനസ് സജീവമാക്കാൻ കാരണം കോവിഡ് ആണ്. തത്ക്കാലം പുതിയ ബ്രാഞ്ചിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ചെന്നൈ, ബെംഗളൂരു പോലുള്ള പ്രധാനപ്പെട്ട നഗരങ്ങളിലെ എയർപോർട്ടുകളിൽ ക്ലും സ്റ്റോർ ആരംഭിക്കണമെന്നാഗ്രഹമുണ്ട്. അധികം വൈകാതെ ഇതൊക്കെയും സാക്ഷാത്ക്കരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രജിന.

Leave a Reply

Your email address will not be published. Required fields are marked *