Boutiques&Fashion Stores

മാധ്യമപ്രവർത്തകയിൽ നിന്നും ബിസിനസ്സിലേക്ക്

ചെന്നൈ എന്ന മഹാനഗരം സിനിമക്കാരുടെ ഇഷ്ട കേന്ദ്രം, ഇന്നത്തെ പല മലയാളി സൂപ്പർസ്റ്റാറുകൾക്കും ചെന്നൈ കോടമ്പാക്കത്തെ  കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കഥകൾ പറയാനുണ്ടാകും, അത് പലരും പല വേദികളിലും പറഞ്ഞതും നമ്മളെയൊക്കെ ഈറനണിയിപ്പിച്ചതുമാണ്. അവിടെ നിന്നും വളർന്നുവന്ന ഇന്നത്തെ സൂപ്പർസ്റ്റാർ ആയവരും അല്ലാത്തവരും ഇന്നത്തെ സംവിധായകരും എല്ലാം കോടമ്പാക്കത്തെ വരാന്തയിൽ നിന്നുമാണ് ഇന്നത്തെ എസി മുറികളിൽ എത്തിപ്പെട്ടിരിക്കുന്നത്. സിനിമാക്കാർ മാത്രമല്ല ഇന്നും ജോലിക്കായി ചെന്നൈയിലെത്തുന്നത്  നിരവധി പേരാണ്. തമിഴ്നാടിന്റെ തലസ്ഥാന നഗരി ആണെങ്കിലും ഇന്ത്യയിൽ തന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും പലരും ചെന്നൈയിൽ  കുടുംബസമേതം ജോലിക്കായി എത്തുന്നത് ചെന്നൈയെ സമ്പന്നമാക്കുന്നു. പല മലയാളി സ്ഥാപനങ്ങളും നമ്മൾ പരിചയപ്പെട്ടതാണല്ലോ, ഇനി കുറച്ച് തമിഴ് വിശേഷമായാലോ? ചെന്നൈയിലെ ട്രിപ്ലിക്കേനിലെ ബോട്ടിക് കം ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ന്  നമ്മൾ പരിചയപ്പെടാൻ പോകുന്നത്. അരുൺ ടൈലറിങ്  ആൻഡ്  ഫാഷൻ ഡിസൈനിങ്  ഇൻസ്റ്റിറ്റ്യൂട്ട് ട്രിപ്ലിക്കെൻ  എന്നാണ് ഈ സ്ഥാപനത്തിന്റെ പേര്. ഈ സ്ഥാപനത്തിന്റെ  വിശേഷങ്ങളിലേക്ക് കടക്കാം.

ഫോർ ഇൻ വൺ ഇൻസ്റ്റിറ്റ്യൂട്ട്

 മലയാളിയായ ചെന്നൈ സ്വദേശിനി ലിസ്നയാണ് ഈ സ്ഥാപനത്തിന്റെ ഉടമസ്ഥ, ഇപ്പോൾ എട്ടുവർഷമായി ചെന്നൈയിലെ ട്രിപ്ലിക്കെനിൽ  ഈ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുന്നു. തയ്യൽ പരിശീലനം ഫാഷൻ ഡിസൈനിങ്, ഹാൻഡ് എംബ്രോയിഡറി, ബോട്ടിക് മാനേജ്മെന്റ് എന്നിങ്ങനെയുള്ള കോഴ്സുകൾ ആണ് ഇവിടെ പഠിപ്പിക്കുന്നത്.
പ്രായഭേദമന്യേ ആർക്കും ഈ കോഴ്സിൽ ചേരാം എന്നതാണ് ഇവരുടെ പ്രത്യേകത. ഇപ്പോൾ കോളേജിൽ പഠിക്കുന്ന കുട്ടികൾ മുതൽ 65 വയസ്സുള്ള വീട്ടമ്മ വരെ ഇവരുടെ ഉദ്യോഗാർത്ഥികളാണ്. ഏതൊരു മിഡിൽ ക്ലാസിലെയും ആളുകൾക്ക് താങ്ങാവുന്ന രീതിയിലുള്ള ഫീസ് മാത്രമാണ് ഇവിടെ ഈടാക്കുന്നതെന്നും ലിസ്ന  പറയുന്നു. കൂടാതെ ദിവസവും രണ്ടു മണിക്കൂർ മാത്രമാണ് പഠനത്തിനായി ചിലവഴിക്കേണ്ടത്. 65 വയസ്സുള്ള വീട്ടമ്മ വന്നപ്പോഴാണ് ഏറ്റവും അധികം സന്തോഷമായത്. പ്രായം  മനസ്സിനല്ല ശരീരത്തിനാണ് എന്ന് ആരോ പറഞ്ഞു കേട്ടതുപോലെ. ഇവിടെ പഠിച്ചിറങ്ങുന്ന ഓരോ ഉദ്യോഗാർഥിയും  പെർഫെക്റ്റ് ആയി ഇറങ്ങണം എന്നതാണ് ലിസ്നയുടെ പോളിസി. അതിനായി വർഷത്തിൽ ഓരോ ഫാഷൻ ഷോയും ലിസ്ന  സംഘടിപ്പിക്കാറുണ്ട്. ഈ ഫാഷൻ ഷോയിൽ അവിടുത്തെ ഉദ്യോഗാർത്ഥികളുടെ കഴിവുകൾ  തെളിയിക്കാനുള്ള അവസരമാണ് ഉണ്ടാക്കുക എന്നും ലിസ്ന കൂട്ടിച്ചേർത്തു.

ചെറുപ്പം മുതൽ ഉള്ള പാഷൻ ആണ് ഇന്നിപ്പോൾ പ്രഫഷൻ ആക്കിയത്

എട്ടുവർഷത്തോളം മാധ്യമപ്രവർത്തകയായ ലിസ്ന 2015ലാണ് ഈ ബിസിനസ് ആശയത്തെ കൂട്ടുപിടിക്കുന്നത്. എല്ലാ സ്ത്രീകൾക്കും സ്വന്തമായിട്ട് ഒരു വരുമാനം എന്നുള്ളത് അത്യാവശ്യമായ ഒരു ഘടകമാണ്, അതിലോട്ട് ആരെയും ഡിപെൻഡ് ചെയ്യാതെ സ്വതന്ത്രമായി ജോലി ചെയ്യുക എന്നതാണ് ഞാൻ മെയിൻ ആയിട്ട് നോക്കിയത്, ചെറുപ്പം മുതൽ ഫാഷൻ ഡിസൈനിങ് താല്പര്യമാണ്. സ്വന്തമായി ഒരു ഡ്രസ്സ് സ്റ്റിച്ച് ചെയ്ത് ഇടുക എന്നതായിരുന്നു മോഹം, പിന്നീട് ആണ് ടീച്ചിങ് പ്രൊഫഷനിലേക്ക് തിരിയുന്നത് തയ്യൽ പഠിപ്പിക്കുക എന്നത് നല്ലൊരു ആശയമായി തോന്നി. അങ്ങിനെയാണ് അരുൺ ടൈലറിങ് ആൻഡ്  ഫാഷൻ ഡിസൈനിങ് തുടങ്ങുന്നത് ഇപ്പോൾ എട്ടു വർഷമായി സ്ഥാപനം നടത്തിവരുന്നു. ഇന്നിപ്പോൾ വളരെ നല്ല രീതിയിലാണ് സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത്. പല സെലിബ്രറ്റീസിനും സീരിയൽ ആർട്ടിസ്റ്റിനും മോഡൽസിനുമൊക്കെ ഡ്രസ്സ് എല്ലാം ഡിസൈൻ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഫാഷൻ ഷോയിൽ ഉദ്യോഗാർഥികൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. അവർ എത്രമാത്രം അതിനെ സീരിയസായി എടുക്കുന്നു എന്നതിലാണ് കാര്യം. അതിനാൽ ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന എല്ലാവരും ഒരു നല്ല ഫാഷൻ ഡിസൈനർ തന്നെ ആകുമെന്ന് എനിക്ക് നല്ല ഉറപ്പാണ്, ലിസ്ന പറയുന്നു.

പ്രതിസന്ധിയുടെ നാളുകൾ

 എല്ലാവരെയും പോലെ കോവിഡ് കാലമായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിനെ ഏറ്റവും പ്രതിസന്ധിയിൽ ആക്കിയത്. ഷോപ്പുകൾ എല്ലാം അടച്ചിടേണ്ടി വന്നതോടെ വരുമാനം ഇല്ലാതെ തന്നെ വാടക കൊടുക്കേണ്ടതായി വന്നു. പിന്നെ ആകെയുള്ള ഒരു വഴി ഓൺലൈൻ ക്ലാസ്സ് എടുക്കുക എന്നതായിരുന്നു അതിൽ ഒട്ടും താല്പര്യമില്ലായിരുന്നു. നേരിട്ട് ക്ലാസ് എടുക്കുന്ന അത്ര സുഖകരം അല്ലല്ലോ ഓൺലൈൻ ക്ലാസ്സ്‌.

കൈത്തൊഴിൽ മുഖ്യം

 ഏതൊരു സ്ത്രീയും സ്വന്തം കാലിൽ നിൽക്കുക എന്നത് തന്നെയാണ് മുഖ്യം. സാമ്പത്തിക സ്വാതന്ത്ര്യം അത് തന്നെയാണ് ഓരോ സ്ത്രീയും ആർജിക്കേണ്ടത്. ഒപ്പം തന്നെ ഒരു കൈത്തൊഴിൽ എല്ലാ സ്ത്രീകളും അഭ്യസിക്കണമെന്നാണ് എന്റെ അഭിപ്രായം. ജീവിതമല്ലേ പല സാഹചര്യങ്ങളിലൂടെയും കടന്നു പോകാം, ചിലർക്ക് ജോലി നഷ്ടപ്പെടാം ജോലി ഉപേക്ഷിക്കേണ്ടതായി വരാം അപ്പോഴൊക്കെ ഈ കൈത്തൊഴിൽ കൊണ്ട് ചെറിയ ഒരു വരുമാനം നമുക്ക് ഉണ്ടാക്കാനായി സാധിക്കും. ഇപ്പൊൾ സമൂഹ മാധ്യമങ്ങളിലൂടെ ബിസിനസുകൾ തുടങ്ങുന്നവരെ കണ്ടിട്ടുണ്ട് പലരും ഷോപ്പുകൾ ഇടാതെ തന്നെ ഓൺലൈൻ ആയി ബിസിനസ്‌ നടത്തി വിജയിക്കുന്നുമുണ്ട്. ലിസ്ന കൂട്ടിച്ചേർത്തു.

ഒരു കുഞ്ഞു കുടുംബം

മലയാളം തമിഴ് സിനിമകളിലെ ചീഫ് അസോസിയേറ്റ് ഡിറക്ടറായ ഭർത്താവ് വിനു രാഘവും  രണ്ട് കുഞ്ഞുങ്ങളുമാണ് ലിസ്‌നയുടെ കട്ട സപ്പോർട്ട്. കോഴിക്കോടാണ് ലിസ്‌നയുടെ സ്വദേശം.

Leave a Reply

Your email address will not be published. Required fields are marked *