National fashion designers

മൈസൂർ ഫാഷൻ വീക്കിന്റെ സ്ഥാപക – ജയന്തി ബല്ലാൽ 

പതിനേഴാം വയസ്സിൽ  ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായ, ജീവൻ വരെ അപകടത്തിൽ ആകുമെന്ന നിലയിൽ നിന്നും ഡിസൈനിങ് ലോകത്തേക്ക് ചിറകു വിരിച്ച് പറന്ന ഒരു ഡിസൈനറെ നമുക്ക് പരിചയപ്പെട്ടാലോ, ജയന്തി ബല്ലാൽ എന്ന ഫാഷൻ ഡിസൈനർ.ഡിസൈനിങ്ങിൽ കൂടാതെ സംരംഭത്തിലും കഴിവ് തെളിയിച്ച ഒരു വ്യക്തി കൂടെ ആണ് ജയന്തി, കൂടാതെ മൈസൂർ ഫാഷൻ വീക്ക് എന്ന ആശയത്തിന്റെ സ്ഥാപകയും.ജയന്തി ബല്ലാലിന്റെ ജീവിതത്തിലൂടെ ഒന്ന് സഞ്ചാരിക്കാം.

ജയന്തി ബല്ലാൽ എന്ന ഡിസൈൻറിലേക്കുള്ള യാത്ര

1972 സെപ്തംബർ 18 ന്  മൈസൂരിലായിരുന്നു ജയന്തി ബല്ലാലിന്റെ ജനനം. പഠിച്ചതും വളർന്നതും എല്ലാം മൈസൂരിലായിരുന്നു. പതിനേഴാം വയസ്സിൽ, ബല്ലാൽ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായി, ഹൃദയസംബന്ധമായ അസുഖത്തിൻ്റെ പേരിൽ ജീവൻ വരെ അപകടത്തിലാകുമായിരുന്ന അവസ്ഥയായിരുന്നു അവർ. എന്നാൽ അതിൽ നിന്നെല്ലാം അവർ ഉയർത്തെഴുന്നേറ്റു ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങി.

 കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം നേടിയ  ശേഷം 1997-ൽ ബാംഗ്ലൂരിലെ വോഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷനിൽ നിന്ന് ഫാഷൻ ഡിസൈനിംഗിൽ പരിശീലനം നേടി. ഫാബ്രിക്കിലും ഡിസൈനിംഗിലും തത്പരയായതിനാൽ അവരുടെ വീട്ടിൽ ഒരു ചെറിയ ടൈലറിംഗ് യൂണിറ്റ് ആരംഭിച്ചായിരുന്നു ജയന്തിയുടെ  ഫാഷൻ ലോകത്തേക്കുള്ള ആദ്യ ചുവടുവയ്പ്പ്. പിന്നീട് വിവാഹജീവിതത്തിലേക്കും അവർ കടന്നു. 

 തയ്യൽ യൂണിറ്റ് പരിപാലിക്കുന്നതിനൊപ്പം ഭർത്താവിൻ്റെ വസ്ത്ര നിർമ്മാണ കമ്പനിയിലും അവർ ഒരു സഹായിയായി, മാർക്കറ്റിംഗിൻ്റെയും പബ്ലിക് റിലേഷൻസിൻ്റെയും ചുമതലയായിരുന്നു ജയന്തിക്ക്. ഫാഷൻ ലോകത്ത് താന്റേതായ ഒരു സ്ഥാനം ആഗ്രഹിച്ച ജയന്തി നീഡിൽ വർക്ക്സ് എന്ന ഒരു ബോട്ടിക്ക് മൈസൂരുവിൽ ആരംഭിച്ചു. ഡിസൈനിങ്ങിലുള്ള അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനായി ജയന്തി കൂടുതൽ ഫാഷൻ ഷോകൾ സംഘടിപ്പിക്കാനായി തുടങ്ങി. അത് പിന്നീട് ചരിത്രമായി, അങ്ങെനെ ഇന്ത്യയിലുടനീളം 200-ലധികം ഫാഷൻ ഷോകൾ നടത്താനും 300-ലധികം പുതുമുഖങ്ങളെ അതിലൂടെ അവതരിപ്പിക്കാനും ജയന്തിക്ക് സാധിച്ചു. പിന്നീട് 

2010-ൽ ജയന്തി മൈസൂരിലെ ആദ്യത്തെ മോഡലിംഗ് സ്കൂളായ ജെബി സ്കൂൾ ഓഫ് മോഡലിംഗ് സ്ഥാപിച്ചു. ഫാഷൻ കൊറിയോഗ്രഫി, ഗ്രൂമിംഗ്, കോസ്മെറ്റിക് മേക്കപ്പ്, മറ്റ് അനുബന്ധ ഫാഷൻ ട്രേഡുകൾ എന്നിവയിൽ പരിശീലനം നൽകുന്ന വലിയ ഇൻസ്റ്റിറ്റ്യൂട്ട് ആയി അത് മാറി.

2011-ൽ മൈസൂരിൻ്റെ ആദ്യത്തെ മോഡൽ ഹണ്ടായ ‘ജെബി ഫ്രഷ് ഫേസ്’ അവർ  ലോഞ്ച് ചെയ്‌തു. അതിൻ്റെ ആറാം പതിപ്പിലേക്ക് ഇപ്പോൾ  എത്തിനിൽക്കുന്നു.ശേഷം 2014-ൽ, ലാക്‌മെ ഫാഷൻ വീക്കിൻ്റെ മാതൃകയിൽ അവർ മൈസൂർ ഫാഷൻ വീക്ക് ആരംഭിച്ചു. അത് മൈസൂരിന്റെ പേര് ഫാഷൻ ലോകത്തിന്റെ തലപ്പത്തു വരെ എത്തിച്ചു. മൈസൂർ ഫാഷൻ വീക്കിൻ്റെ ആദ്യ സീസൺ 2014 സെപ്റ്റംബറിൽ നടന്നു. പരിപാടി വൻ വിജയമായിരുന്നു. കൂടാതെ രാജ്യത്തെ മുൻനിര ഡിസൈനർമാരുടെയും മോഡലുകളുടെയും പിന്തുണയും അതിന്റെ കൂടെ ലഭിച്ചു. ഫാഷൻ വീക്കിൻ്റെ രണ്ടാം സീസണിൽ 2015-ലും അവർ തൻ്റെ വിജയം ആവർത്തിച്ചു.

മൈസൂർ ഫാഷൻ വീക്കിൻ്റെ മൂന്നാം സീസൺ 2016 സെപ്റ്റംബറിൽ നടന്നു. അതും വലിയ ജനശ്രദ്ധ പിടിച്ചു പറ്റി.ശേഷം വിജയലക്ഷ്മി സിൽക്‌സ്, ത്രിനേത്ര, രമേഷ് ഡെംബ്ല, രേഷ്മ കുഞ്ഞി, റെബേക്ക ദിവാൻ, റോഷൻ & ദിനേന്ദ്ര എന്നിവരുൾപ്പെടെയുള്ള ഡിസൈനർമാരുടെ  വലിയ നിരയെ ഉൾപ്പെടുത്തി 2017 ലെ സീസൺ 4 മൂന്ന് ദിവസത്തെ പരിപാടിയാക്കി കൊണ്ടാടി. 

ശേഷം 2018-ൽ സീസൺ 5 നടന്നു. രാജ്യത്തുടനീളമുള്ള പ്രശസ്ത ഡിസൈനർമാർ ഈ ഫാഷൻ ഇവൻ്റിൻ്റെ ഭാഗമായിരുന്നു. ജയന്തി ബല്ലാൽ, സൈഷാ ഷിൻഡെ,കെൻ ഫെർണൻസ്, അഷ്ഫാഖ്, കീർത്തി റാത്തോഡ്, കൂടാതെ മറ്റു പല ഡിസൈനർമാരും മൈസൂർ ഫാഷൻ വീക്കിൽ തങ്ങളുടെ ഏറ്റവും പുതിയ ശേഖരങ്ങൾ പ്രദർശിപ്പിച്ചു.  ഇന്ന് സീസൺ 8 വരെ എത്തി നിൽക്കുകയാണ് MFW എന്ന മൈസൂർ ഫാഷൻ വീക്ക്‌. ജയന്തി ഫാഷൻ ലോകത്ത് ഇന്നും സജീവമായി ഭർത്താവിനും രണ്ട് മക്കൾക്കും ഒപ്പം മൈസൂരുവിൽ കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *