National fashion designers

ദക്ഷിണേന്ത്യൻ യാത്രകളിലൂടെ ഫാഷൻ ഡിസൈനറിലേക്ക്

ചുവപ്പും വെള്ളയും കറുപ്പും നിറങ്ങളിൽ മുത്തും ചില്ലും സ്വീകൻസുകളുമൊക്കെ തുന്നിപ്പിടിപ്പിച്ച നീളൻ പാവാടയും ബ്ലൗസും ദാവണിയുമൊക്കെ ധരിച്ച് ആടിപ്പാടുന്ന ദീപിക പദുക്കോൺ. ഗോലിയോം കി രാസലീല രാം ലീല എന്ന ബോളിവുഡ് ചിത്രത്തിൽ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ദീപിക കാഴ്ചക്കാരുടെയൊക്കെ മനം കവർന്നു. എന്നാൽ ആട്ടവും പാട്ടും മാത്രമല്ല ദീപികയെ അതിസുന്ദരിയാക്കിയ ആ വേഷങ്ങളും പ്രേക്ഷകരുടെ കണ്ണിലുടക്കി. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാം ലീല എന്ന ചിത്രത്തിൽ വസ്ത്രങ്ങളൊരുക്കിയതിന് കൈനിറയെ അംഗീകാരങ്ങളും സ്വന്തമാക്കി ആ ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ അഞ്ജു മോഡി. മൂന്നു പതിറ്റാണ്ടിലേറെയായ ഇന്ത്യൻ ഫാഷൻ വ്യവസായത്തിന്റെ അവിഭാജ്യ ഭാഗമായി അഞ്ജു എന്ന ഫാഷൻ ഡിസൈനറെ കാണാം.

കാണാൻ സുന്ദരമായി വസ്ത്രങ്ങൾ സൃഷ്ടിക്കുന്ന ഫാഷൻ ഡിസൈനർ മാത്രമല്ല അഞ്ജു. യാത്രകളെ ഇഷ്ടപ്പെടുന്ന, പുതു സ്വപ്നങ്ങൾ കാണാനിഷ്ടപ്പെടുന്ന ചിന്തക കൂടിയായ ഇവർ. ഒരു ഡിസൈനർ എന്ന നിലയിൽ ബ്രാൻഡിന്റെ മികവിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന അഞ്ജുവിന് തുണിത്തരങ്ങളോടും ഇന്ത്യൻ കരകൗശലത്തോടുമൊക്കെ അടങ്ങാത്ത സ്നേഹമാണ്. ഫാഷൻ ഡിസൈനിങ്ങിനോട് അഞ്ജുവിന് വെറുമൊരു ഇഷ്ടമല്ല. അതവരുടെ പാഷൻ ആണ്, ജീവിതമാണ്. ഫാഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപകഅംഗങ്ങളിലൊരാളാണ് അഞ്ജു മോഡി. ന്യൂഡൽഹിയിൽ സ്ഥിരതാമസമാക്കിയ അഞ്ജു, സഹോദരന്റെ നഗരമായ ബെംഗളൂരുവിലെ യാത്രകളിലൂടെയാണ് ഫാഷൻ ലോകത്തിലേക്കെത്തുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം എന്നിവിടങ്ങളിലെ നെയ്ത്തുകാരും കരകൗശല വിദഗ്ധരുമൊക്കെയാണ് വസ്ത്രഡിസൈനിങ്ങിൽ അഞ്ജുവിനെ സ്വാധീനിച്ചത്. ഈ നാടുകളിലേക്കുള്ള സഞ്ചാരത്തിലൂടെയാണ് ഫാഷൻ ഡിസൈനിങ്ങ് രംഗത്തേക്കെത്തുന്നത്.

ഡിസൈനിങ്ങിന് ഭാഷ ഇല്ല

1990-കൾ മുതൽ ഫാഷൻ ഡിസൈൻ ലോകത്ത് അഞ്ജുവിന്റെ സാന്നിധ്യമുണ്ട്. ഇക്കാലമത്രയും പുത്തൻ വസ്ത്രക്കാഴ്ചകളൊരുക്കുന്നതിന് വേണ്ടിയാണ് ഇവർ പരിശ്രമിച്ചത്. കൃത്യമായ പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തിയാണ് അഞ്ജു ഓരോ പുത്തൻ വസ്ത്രങ്ങളും രൂപകൽപ്പന ചെയ്യുന്നത്. യാത്രകൾ ഇഷ്ടപ്പെടുന്നതു കൊണ്ടു തന്നെ രാജ്യത്തുടനീളമുള്ള കരകൗശല വിദഗ്ധരയും നെയ്ത്തുകാരെയും കാണുന്നതിനും അവർക്കൊപ്പം ദിവസങ്ങളോളം പ്രവർത്തിക്കുന്നതിനും അഞ്ജു സമയം കണ്ടെത്താറുണ്ട്. ഫിലോസഫിയും വാസ്തുവിദ്യയും തുണിത്തരങ്ങളിലേക്ക് കൊണ്ടുവരുന്നതിന് ഈ ഡിസൈനർക്ക് സാധിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളുടെയും പ്രദേശങ്ങളുടെയും സാംസ്കാരിക ചരിത്രം വസ്ത്രങ്ങളിൽ പ്രതിഫലിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അഞ്ജു ശ്രമിക്കാറുണ്ട്.

ഡിസൈനിന് ഭാഷയില്ല എന്ന തത്ത്വചിന്തയിലാണ് അഞ്ജുവിന്റെ പ്രൊഫഷൻ ജീവിതം മുന്നോട്ട് പോകുന്നത്. നെയ്ത്തുകളിലും കരകൗശല വസ്തുക്കളിലും വൈദഗ്ദ്ധ്യം നേടിയവരെ ഉപദേഷ്ടാക്കളായി കരുതുന്ന ശീലവും ഈ ഡിസൈനർക്കുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിൽ നിന്ന് ലഭിക്കുന്ന അറിവുകളും അഞ്ജു വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിന് പ്രയോജനപ്പെടുത്തുന്നു. ചരിത്രത്തിലെയോ പുരാണത്തിലെയോ കഥാപാത്രങ്ങളെ മനസിൽ കരുതി വസ്ത്രങ്ങൾ സൃഷ്ടിക്കുന്നതിൽ അഞ്ജുവിന് മിടുക്കുണ്ട്. സിനിമകൾക്ക് വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുമ്പോൾ ഇതൊക്കെയാണ് അവർ പ്രയോജനപ്പെടുത്തുന്നത്. അഞ്ജുവിന്റെ ഓരോ വസ്ത്രശേഖരവും ഇന്ത്യൻ പൈതകൃതം നിറഞ്ഞതായിരിക്കും. പാരമ്പര്യ തനിമയ്ക്കൊപ്പം സമകാലിക മനോഹാരിതയ്ക്കും പ്രാധാന്യം നൽകിയാണ് ഓരോ കോസ്റ്റ്യൂമും ഡിസൈൻ ചെയ്തെടുക്കുന്നത്.

ഹംസവും ദമയന്തിയും

ലാക്മേ ഫാഷൻ വീക്കിൽ രാജ രവിവർമ്മയുടെ ചിത്രങ്ങളുടെ സ്വാധീനമുള്ള വസ്ത്രങ്ങൾ പ്രദർശിപ്പിച്ചു ശ്രദ്ദ നേടുന്നതിന് അഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഹംസദമയന്തി പെയിന്റിങ് കണ്ട് ആകർഷണം തോന്നിയാണ് ഫാഷൻ വീക്കിൽ അത്തമൊരു ശൈലിയിൽ അഞ്ജു വസ്ത്രം തയ്യാറാക്കുന്നത്. നിരവധി വസ്ത്രങ്ങളാണ് ഷോയ്ക്ക് വേണ്ടി ദമയന്തി സ്റ്റൈലിൽ ഒരുക്കിയത്. കുട്ടിക്കാലം മുതൽ രാജാ രവിവർമ്മയുടെ ചിത്രങ്ങൾ കണ്ടാണ് വളർന്നത്. നിരവധി ഇന്ത്യൻ വീടുകളിൽ അവ ഒരു സാധാരണ കാഴ്ചയായിരിക്കും, അതിനാൽ ആ കലാകാരനോട് ആരാധനയായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും പട്ടു പുതപ്പുകൾ കൊണ്ട് പൊതിഞ്ഞ, അതിസുന്ദരിയായ ദമയന്തി എന്ന യുവതിയുണ്ടായിരുന്നു. ആ സൗന്ദര്യവും രവിവർമ്മയുടെ ശൈലിയുമാണ് ഡിസൈനർക്ക് ഇഷ്ടപ്പെട്ടത്.

രാം ലീലയിലൂടെ പ്രശസ്തിയും

നിരവധി ബോളിവുഡ് താരങ്ങൾക്ക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ള ഫാഷൻ ഡിസൈനറാണ് അഞ്ജു മോഡി. ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ‍, ‌മാധുരി ദീക്ഷിത്, കങ്കണ റണാവത്ത്, സോനം കപൂർ, കരീന കപൂർ ഖാൻ, കൃതി സനോൻ, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങൾ വിവിധ അവസരങ്ങളിൽ അഞ്ജുവിന്റെ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. സിനിമകൾക്കു വേണ്ടിയും കോസ്റ്റ്യൂം ഡിസൈൻ ചെയ്യുകയും അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അക്കൂട്ടത്തിൽ രാം ലീലയാണ് അഞ്ജുവിനെ ഏറെ പ്രശസ്തിയിലേക്കെത്തിച്ചത്. രാം ലീലയിലെ വസ്ത്രങ്ങളിലൂടെ നിരൂപക പ്രശംസയും നേടിയിട്ടുണ്ട്. പിരീഡ് റൊമാന്റിക് കഥ പറഞ്ഞ രാം ലീലയിലെ അഭിനേതാക്കളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും പ്രിയങ്ക ചോപ്രയ്ക്കുമൊക്കെ അതിഗംഭീരമായാണ് വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത്. ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനിനുള്ള അപസ്‍ര അവാർഡ്, ഐബിഎൻ ലൈവ് മൂവി അവാർഡ്, സ്ക്രീൻ വീക്ക്ലി അവാർഡ് എന്നിവ രാം ലീലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഫിലിം ഫെയർ അവാർഡ് നോമിനേഷനും ലഭിച്ചിരുന്നു. ബജിറാവു മസ്താനി എന്ന ചിത്രത്തിലൂടെ ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനർക്കുള്ള ഫിലിം ഫെയർ അവാർഡ്, സ്ക്രീൻ വീക്ക്ലി പുരസ്കാരം എന്നിവയും അഞ്ജുവിന് ലഭിച്ചിട്ടുണ്ട്. രാം ലീലയിൽ നഷ്ടമായ ഫിലിം ഫെയർ‍ അവാർഡ് ബജിറാവു മസ്താനിയിലൂടെ സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *