പാട്ട് പാടുന്ന ഫാഷൻ ഡിസൈനർ
വിക്റ്റോറിയ കരോലിന ബെക്കാം എന്നു കേൾക്കുമ്പോൾ നമ്മുടെയൊക്കെ മനസിലേക്കെത്തുന്ന ഒരു മുഖമുണ്ട്. മറ്റാരുമല്ല ലോക പ്രശസ്ത ഫുട്ബോൾ കളിക്കാരൻ ഡേവിഡ് ബെക്കാമിനെ. അതേ ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ ഡേവിഡ് ബെക്കാമിനെയും അദ്ദേഹത്തിന്റെ ഭാര്യ വിക്റ്റോറിയ ബെക്കാമിനെയും അറിയാത്തവർ ചുരുക്കം തന്നെയാണ്. എന്നാൽ ഡേവിഡിനെ പോലെ പ്രശസ്തിയിൽ ഒട്ടും പിന്നിൽ അല്ല വിക്റ്റോറിയയും. ലോകം അറിയുന്ന പ്രശസ്ത പോപ്പ് ഗായികയും ബിസിനസുകാരിയും മോഡലുമൊക്കെയാണ്. എന്നാൽ അതുമാത്രമല്ല പേരുകേട്ട ഫാഷൻ ഡിസൈനർ കൂടിയാണ് വിക്റ്റോറിയ ബെക്കാം.
പാട്ടിലും ബിസിനസിലും ഫാഷൻ ലോകത്തിലുമൊക്കെ വിജയം മാത്രമുള്ള വിക്റ്റോറിയ തന്റെ ഭർത്താവിന്റെ നിഴലില്ലാതെ പ്രശസ്തയായ സ്ത്രീയാണ്. പോപ്പ് സംഗീതത്തിന്റെ ലോകത്തിൽ ഏറെ പെരുമ നേടിയതുകൊണ്ടാകും വിക്റ്റോറിയയിലെ ഫാഷൻ ഡിസൈനറെ അത്രയേറെ പലരും ശ്രദ്ധിക്കാതിരുന്നത്. എന്നാൽ ഇന്ന് ആഗോളതലത്തിൽ അറിയപ്പെടുന്ന പ്രമുഖ ഫാഷൻ ഡിസൈനർമാരുടെ പേരുകളിൽ മുൻനിരയിൽ ഇവരുണ്ട്.

90-കളുടെ അവസാനനാളുകളിൽ സ്പൈസ് ഗേൾസ് എന്ന വനിതാ സംഗീത സംഘത്തിലൂടെയാണ് ബെക്കാം പ്രശസ്തിയിലെത്തിയത്. സ്പൈസ് ഗേൾസ് യുഗം എന്നു തന്നെ പറയാം. 1990 കളിൽ, വിക്ടോറിയ സ്പൈസ് ഗേൾസിന്റെ ഭാഗമായി പ്രശസ്തി നേടി, അവർ എക്കാലത്തെയും മികച്ച വനിതാ ഗ്രൂപ്പായി മാറി. “പോഷ് സ്പൈസ്” എന്ന അവരുടെ വിളിപ്പേര് അവളുടെ ചിക്ക് ശൈലിയുടെ പര്യായമായി മാറി. സ്പൈസ് ഗേൾസ് എന്ന ഗായക സംഘം ആരംഭിച്ച കാലം മുതൽ വിക്ടോറിയ ബെക്കാമിന് ശ്രദ്ധേയമായ ഫാഷൻ കരിയർ ഉണ്ടായിരുന്നു. രണ്ട് ദശകങ്ങൾക്ക് മുൻപ് ലണ്ടൻ ഫാഷൻ വീക്കിൽ മോഡലായി അരങ്ങേറ്റം കുറിച്ചുകൊണ്ടാണ്ട് വിക്റ്റോറിയ ബെക്കാം ഫാഷന്റെ വിസ്മയ ലോകത്തിലേക്കുമെത്തുന്നു. മരിയ ഗ്രാച്ച്വോഗലിന് വേണ്ടിയാണ് അവർ ലണ്ടൻ ഫാഷൻ വീക്കിലെ റാംപിൽ ചുവടുവച്ചത്. ഇതൊരു തുടക്കം മാത്രമായിരുന്നു. വിക്റ്റോറിയയുടെ സങ്കീർണ്ണവും മിനിമലിസ്റ്റ് സൗന്ദര്യാത്മകതയും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ഏറെ സമയമെടുത്തില്ല. 2008ലാണ് അവർ ആദ്യമായി ഫാഷൻ ബ്രാൻഡ് ആരംഭിച്ചത്. സ്വന്തം പേര് തന്നെയാണ് ബ്രാൻഡിന് നൽകിയതും, വിക്റ്റോറിയ ബെക്കാം എന്ന ലേബലിലാണ് വസ്ത്രങ്ങൾ വിപണിയിലെത്തിക്കുന്നത്.

വിക്ടോറിയ ബെക്കാമിന്റെ ഡിസൈനുകളിൽ പലപ്പോഴും വൃത്തിയുള്ള വരകൾ, അനുയോജ്യമായ നിഴൽചിത്രങ്ങൾ, നിഷ്പക്ഷ കളർ പാറ്ററ്റ് എന്നിവ കാണാം. പുത്തൻ ട്രെൻഡുകൾക്ക് പിന്നാലെ സഞ്ചരിക്കുന്നവരാണ് ഫാഷൻ ഡിസൈനർമാരിൽ ഏറെയും. എന്നാൽ വിക്റ്റോറിയ ട്രെൻഡുകൾ പിന്നാലെ സഞ്ചരിച്ചില്ല. കാലാതീതമായ ഡിസൈനുകളാണ് അവർ ഇഷ്ടപ്പെട്ടതും രൂപകൽപ്പന ചെയ്തതും. അവരുടെ ബ്രാൻഡിൽ റെഡി ടു വെയർ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ബാഗുകൾ, കണ്ണടകൾ എന്നിവയൊക്കെയുണ്ട്. സിൽക്, കമ്പിളി പോലുള്ള ആഡംബരനിറഞ്ഞവയും ഇവിടുണ്ട്. ഓരോ ഡിസൈനുകൾക്കും ഉയർന്ന നിലവാരമുള്ള തുണിത്തരങ്ങൾ ഉപയോഗിക്കുന്നതിനാൽ വസ്ത്രങ്ങൾക്ക് സൗന്ദര്യം മാത്രമല്ല ആഡംബരവുമുണ്ട്. സുസ്ഥിരതയും ഇവരുടെ ഡിസൈനിലുള്ള വസ്ത്രങ്ങളുടെ പ്രത്യേകതയാണ്. വിക്ടോറിയ ഔദ്യോഗികമായി ഫാഷൻ ഡിസൈൻ പഠിച്ചിട്ടില്ല. ഫാഷൻ ലോകത്തേക്കുള്ള അവളുടെ യാത്രയിൽ അവരെ പിന്തുണച്ചത് അവരുടെ സ്വയം പഠനവും ഡിസൈനിങ്ങിനോടുള്ള അമിത ഇഷ്ടവുമാണ്. ഫാഷൻ ഡിസൈനിങ്ങ് അക്കാഡമിക്കലി പഠിച്ചില്ലെങ്കിലും വസ്ത്ര രൂപകൽപ്പനയുടെ സൗന്ദര്യശാസ്ത്രം അവർക്കറിയാമായിരുന്നു.
24 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സുള്ള വിക്റ്റോറിയയ്ക്ക് സാമൂഹിക മാധ്യമങ്ങളിലും ആരാധകർ ഏറെയുണ്ട്. പാട്ട് മാത്രമല്ല അവരുടെ ഫാഷനും ആളുകൾക്ക് ഇടയിൽ വലിയ പ്രിയമാണ്. ഫാഷൻ വ്യവസായത്തിന് നൽകിയ സേവനങ്ങൾക്ക് 2017-ൽ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ അവാർഡ് തേടിയെത്തിയിട്ടുണ്ട്. ബ്രാൻഡ് ഓഫ് ദി ഇയർ അവാർഡ്, ഡിസൈനർ ബ്രാൻഡ് ഓഫ് ദി ഇയർ, വുമൺസ് വെയർ ഡിസൈനർ ഓഫ് ദി ഇയർ നോമിനേഷൻ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ വിക്റ്റോറിയയ്ക്ക് ലഭിച്ചിട്ടുണ്ട്.
