സമീറ സനീഷ് ഇനി ബ്രാൻഡ്
മമ്മൂട്ടിയ്ക്കും മോഹൻലാലിനും മഞ്ജു വാര്യർക്കുമൊക്കെ അതിസുന്ദരങ്ങളായ ഉടുപ്പുകളൊരുക്കിയ ഡിസൈനറുടെ വസ്ത്രങ്ങൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം. മലയാള സിനിമയിലെ സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ വാങ്ങിക്കാനുള്ള അവസരമാണ് മലയാളികൾക്ക് അരികിലേക്കെത്തിയിരിക്കുന്നത്. സമീറ സ്വന്തം പേരിൽ വസ്ത്ര ബ്രാൻഡ് ആരംഭിച്ചിരിക്കുകയാണ്. സിനിമകളിലെ അഭിനേതാക്കൾ ധരിക്കുന്ന വസ്ത്രങ്ങൾ കണ്ട് ഇഷ്ടപ്പെടുന്ന ഏതൊരു സാധാരക്കാരനും ആ ഡിസൈനർ ഒരുക്കുന്ന വസ്ത്രങ്ങൾ സമീറ സനീഷ് എന്ന ബ്രാന്റിലൂടെ സ്വന്തമാക്കാം.

സിനിമാലോകത്തിലുള്ളവർക്കും അല്ലാത്തവർക്കുമൊക്കെയായി ചുരുങ്ങിയ ചെലവിൽ സമീറ സനീഷ് ബ്രാന്റിലെ വസ്ത്രങ്ങൾ ഓൺലൈനിലൂടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭത്തിന്റെ ലോഗോ അഭിനേത്രി മഞ്ജു വാര്യരാണ് പ്രകാശനം ചെയ്തത്. സമീറ സനീഷ് ബ്രാന്റിന്റെ സമീറ സനീഷ് കൊച്ചി എന്നു പേരിട്ടിരിക്കുന്ന വെബ്സൈറ്റ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പുതിയ ചിത്രം ബസൂക്കയുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ചടങ്ങ്. ബ്രാന്റിന്റെ വസ്ത്രം നടൻ കുഞ്ചാക്കോ ബോബൻ മമ്മൂട്ടിക്ക് നൽകി ആദ്യ വിൽപ്പനയും ഇതോടൊപ്പം നടത്തി. ലോഗോ പ്രകാശനം സമീറയുടെ വീട്ടിൽ വച്ചായിരുന്നു. ചടങ്ങിനെത്തിയ മഞ്ജു വാര്യർ കുറച്ചേറെ സമയം സമീറയുടെ വീട്ടിൽ ചെലവഴിക്കുകയും ചെയ്തു. സമീറ സനീഷ് എന്ന ബ്രാന്റിലെ വസ്ത്രങ്ങൾ ഓൺലൈനിലൂടെ മാത്രമല്ല എറണാകുളം കച്ചേരിപ്പടി സെന്റ് ബെനഡിക്റ്റ് റോഡിലെ ഷോപ്പിൽ നിന്നും നേരിട്ടും വാങ്ങാവുന്നതാണ്.

കഴിഞ്ഞ 15 വർഷമായി സിനിമാമേഖലയിൽ കോസ്റ്റ്യൂം ഡിസൈനറായി സജീവമാണ് സമീറ. മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ വസ്ത്രാലങ്കാരക്കാരിയാണ് ഇവർ. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്. പരസ്യചിത്രങ്ങളിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്തു കൊണ്ടാണ് സമീറയുടെ കരിയർ ആരംഭിക്കുന്നത്. 2009-കളിലാണ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. 2009-ൽ ആഷിഖ് അബു ചിത്രം ഡാഡി കൂളിൽ മമ്മൂട്ടിയ്ക്ക് വസ്ത്രം ഡിസൈൻ ചെയ്തതോടെയാണ് സമീറ ശ്രദ്ധിക്കപ്പെടുന്നത്. 2014-ൽ മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള രണ്ടാം വരവ് ചിത്രമായ ഹൗ ഓൾഡ് ആർ യൂ വിലും ഡിസൈനർ ഇവരായിരുന്നു. ചിത്രത്തിലെ മഞ്ജുവിന്റെ കോസ്റ്റ്യൂം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാഷൻ ഡിസൈനിങ്ങിൽ നിന്ന് ഫാഷൻ ഡിസൈനിങ്ങ് ഡിപ്ലോമ പൂർത്തിയാക്കിയ സമീറ റെയ്മണ്ടിന്റെ ഇൻ ഹൗസ് ഡിസൈനറായാണ് കരിയർ ജീവിതം ആരംഭിക്കുന്നത്. പഠിക്കുന്ന നാളുകളിൽ തന്നെ പരസ്യചിത്രങ്ങൾക്ക് വേണ്ടി ഫ്രീലാൻസ് വർക്കുകളും ഇവർ ചെയ്തിരുന്നു. നിരവധി സിനിമകൾക്ക് ചുരുങ്ങിയ സമയത്തിനുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് ലിംക ബുക് ഓഫ് റെക്കോർഡ്സ് ലഭിച്ചിട്ടുണ്ട്.