ന്യൂയോർക്ക് ഫാഷൻ വീക്കിൽ തിളങ്ങി കമൽഹാസന്റെ ഖദ്ദറും
പുത്തൻ ട്രെൻഡുകൾ മിന്നിമായുന്ന ന്യൂയോർക്ക് ഫാഷൻ വീക്ക്. ലോകമെങ്ങുമുള്ള ഫാഷൻ പ്രേമികൾ കാത്തിരിക്കുന്ന ദിനങ്ങൾ. പതിവ് ഫാഷൻ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ആ മായാകാഴ്ചകളിൽ നിറഞ്ഞുനിന്നത് ഇന്ത്യയുടെ സൂപ്പർ താരം കമൽ ഹാസൻ എന്ന് പേരാണ്. തമിഴകത്തിന്റെ ഉലകൻ നായകൻ കമൽ ഹാസന് സിനിമയുടെ എന്തും ചിരപരിചിതം. എന്നാൽ ന്യൂയോർക് ഫാഷൻ വീക്കിൽ എന്താണ് കാര്യമെന്നു പലരും സംശയിച്ചേക്കാം. ന്യൂയോർക്ക് ഫാഷൻ വീക്ക് 2024-ൽ സുതുര ശേഖരവുമായി കമൽ ഹാസന്റെ ഹൗസ് ഹൗസ് ഓഫ് ഖദ്ദറും.

ന്യൂയോർക്കിൽ നടന്നു കൊണ്ടിരിക്കുന്ന ഫാഷൻ വീക്കിൽ സുസ്ഥിരഫാഷനെ പിന്തുണച്ചുകൊണ്ടാണ് കമൽഹാസന്റെ വസ്ത്രലോകത്തു നിന്നുള്ള ശേഖരമെത്തിയിരിക്കുന്നത്. ഫാഷൻ വീക്കിൽ എ ലിസ്റ്റ് ഡിസൈനർമാർ അവരുടെ പുതിയ വസ്ത്രങ്ങൾ പ്രദർശിപ്പിക്കുകയും ഫാഷൻ ലോകത്ത് പുതിയ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അതിനൊപ്പം തന്നെ കമലിന്റെ വസ്ത്രശേഖരങ്ങളും ഇടം പിടിച്ചു. അദ്ദേഹത്തിന്റെ ഡിസൈനർ ലേബൽ ഹൗസ് ഓഫ് ഖദ്ദറിന്റെ ഏറ്റവും പുതിയ ശേഖരമായ സുതുരയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.
സുസ്ഥിരതയും സൈക്ലിങ്ങ് വസ്ത്രങ്ങളും ഒരു പുതിയ സ്റ്റേറ്റ്മെന്റ് ശൈലിയായി മാറിയതോടെ പ്രകൃതി, സിനിമ, കല എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കമൽ ഹാസന്റെ വസ്ത്രശേഖരമായ സുതുരയും പരിസ്ഥിതി സൗഹൃദ ഫാഷനിൽ പുത്തൻ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്.
ഓർഗാനിക് തക്കാളി ലെതർ, ഖദ്ദർ ഡെനീം, മസ്ലിൻ ഖാദി, വൃത്താകൃതിയിലുള്ള മെഷ് തുണിത്തരങ്ങൾ എന്നിവ ഉൾപ്പടെ സുസ്ഥിര വസ്ത്രങ്ങളുടെ വലിയൊരു നിര തന്നെ കമലിന്റെ ഖദ്ദർ ശേഖരത്തിലുണ്ട്. ഓരോ തുണിത്തരവും അത്യാഢംബരം സമ്മാനിക്കുന്നുണ്ട്. അതേസമയം തന്നെ അവ ഓരോന്നും പ്രകൃതിയോണ് ഇണങ്ങി നിൽക്കുന്നവയുമാണ്. യൂട്ടിലിറ്റേറിയൻ വസ്ത്രങ്ങൾ മുതൽ ക്ലാസിക് വസ്ത്രങ്ങൾ വരെ ഖദ്ദർ വസ്ത്രശേഖരത്തിലുണ്ട്. ഓരോന്നും പ്രകൃതി സൗഹൃദമാണെന്നതും ശ്രദ്ധേയം. കരകൗശലവിദഗ്ധരുടെ സാന്നിധ്യവും ഈ വസ്ത്രങ്ങൾക്കുണ്ടെന്നു അവയുടെ ഭംഗി കാണിച്ചു തരുന്നു.

ഇത്തവണ ന്യൂയോർക്ക് ഫാഷൻ വീക്കിൽ പങ്കെടുക്കുന്ന ഓരോ ഡിസൈനർമാരും സുസ്ഥിര ഫാഷന് പ്രാധാന്യം നൽകിയിട്ടുണ്ട്. ഡിസൈൻമാരും മോഡലുകളും പുനരുപയോഗിക്കാനാകുന്നതും റീസൈക്കിൾ ചെയ്ത തുണിത്തരങ്ങളും ഓർഗാനിക് കോട്ടണും ലോ ഇംപാക്റ്റ് ഡൈകൾ അടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കളും ഉപയോഗിക്കുന്നതിന് ശ്രദ്ധ നൽകുന്നുണ്ട്. പ്രകൃതിസൗഹാർദ്ദമായ വസ്തുക്കൾ ഉപയോഗിക്കുന്നതിന് പ്രശസ്തമായ ബ്രാൻഡുകളും ഡിസൈനർ ലേബലുകളും ശ്രമിക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. കമൽ ഹാസന്റെ ഹൗസ് ഓഫ് ഖദ്ദറിനൊപ്പം നിരവധി പ്രശസ്ത ഫാഷൻ ലേബലുകളും അവരുടെ ശേഖരങ്ങൾ എങ്ങനെ പുനർനിർമിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.