മിസ് ഇന്ത്യ കിരീടമണിഞ്ഞ് നികിത
ഫെമിന മിസ് ഇന്ത്യ പട്ടം സ്വന്തമാക്കി നികിത പോർവാൾ. കേന്ദ്രഭരണ പ്രദേശമായ ദാദ്രനഗർ ഹവേലിയിൽ നിന്നുള്ള രേഖ പാണ്ഡെ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനവും ഗുജറാത്ത് സ്വദേശി ആയുഷി ധോലാകിയ രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ വർഷത്തെ മിസ് ഇന്ത്യ നന്ദിനി ഗുപ്തയാണ് നികിതയെ കിരീടം അണിയിച്ചത്.
കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ആഘോഷരാവിൽ അറിവും സൗന്ദര്യവും മത്സരിച്ചു പോരാടിയ വേദിയിലാണ് നികിത സുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. 60-ാമത് മിസ് ഇന്ത്യ മത്സരത്തിലെ വിജിയായ നികിതയാണ് ഈ വർഷത്തെ മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത 30 സുന്ദരിമാരെ പിന്നിലാക്കിയാണ് നികിതയുടെ ഈ നേട്ടം. 18-ാം വയസിൽ ടെലിവിഷൻ അവതാരകയായി കരിയർ തുടക്കമിട്ട നികിതയുടെ സ്വപ്നം സിനിമയാണ്. നാടകത്തിലും സജീവപ്രവർത്തകയാണ് ഇവർ.

ഉജ്ജയിൻ സ്വദേശിയായ നികിത അറുപതോളം നാടകത്തിന്റെ ഭാഗമായിട്ടുണ്ട്. കൃഷ്ണലീല എന്ന പേരിൽ നാടകം എഴുതിയിട്ടുമുണ്ട് ഇവർ.
സംഗീത ബിജ്‌ലാനി, നികിത മഹൈസൽക്കർ, അനീസ് ബസ്‌മി, നേഹ ധൂപിയ, ബോസ്‌കോ മാർട്ടിസ്, മധുർ ഭണ്ഡാർക്കർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ആ വികാരം ഇപ്പോഴും വിവരണാതീതമാണ്, കിരീടധാരണത്തിന് തൊട്ടുമുമ്പ് എനിക്ക് അനുഭവപ്പെട്ട നടുക്കം ഞാൻ ഇപ്പോഴും അനുഭവിക്കുന്നു. അതെല്ലാം അതിശയിപ്പിക്കുന്നതായി തോന്നുന്നു. എന്റെ മാതാപിതാക്കളുടെ കണ്ണുകളിലെ സന്തോഷം കാണുമ്പോൾ എന്നിൽ നന്ദി നിറയുന്നുവെന്നാണ് കിരീടം സ്വന്തമാക്കിയതിനെക്കുറിച്ച് നികിത പറഞ്ഞത്.

സിനിമയെ ഇഷ്ടപ്പെടുന്ന നികിതയ്ക്ക് സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിൽ അഭിനയിക്കണമെന്നതാണ് വലിയ ആഗ്രഹം. ഐശ്വര്യ റായ് ബച്ചനാണ് റോൾ മോഡൽ. നികിത അഭിനയിച്ച അന്താരാഷ്ട്ര വേദികളിൽ മത്സരചിത്രമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഉടൻ ഇന്ത്യൻ തിയെറ്ററുകളിലെത്തും. മൃഗസ്നേഹി കൂടിയാണ് നികിത. കാർമൽ കോൺവെന്റ് സീനിയർ സെക്കൻഡറി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നികിത ബറോഡയിലെ മഹാരാജ സയാജിറാവു സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുകയാണ്.